കൊക്കയാര്‍: വെംബ്ലി പുറപ്പന്താനം റബര്‍ തോട്ടത്തിലെ ടാപ്പിങ് ജോലിക്കിടെ പുലിയെ കണ്ടതായി തൊഴിലാളി. ബുധനാഴ്ച പുലര്‍ച്ച 4.45 ഓടെയാണ് ടാപ്പിങ് തൊഴിലാളിയായ പുതുച്ചിറ സന്തോഷ് പുലിയെ കണ്ടതായി പറയുന്നത്.
ടാപ്പിങ് ചെയ്ത് വരുന്നതിനിടെ ശബ്ദംകേട്ട് നോക്കിയപ്പോഴാണ് പുലിയെ കണ്ടതെന്ന് സന്തോഷ് പറഞ്ഞു. താനും മറ്റൊരു തൊഴിലാളിയും ലൈറ്റ് തെളിച്ചതോടെ പുലി നടന്നുനീങ്ങിയത്രെ. പുലിയുടേതെന്ന് കരുതുന്ന കാല്‍പ്പാടുകളും ദൃശ്യമായിട്ടുണ്ട്. കൂടാതെ പുലിയെ കണ്ടുവെന്നു പറയുന്ന സ്ഥലത്ത് ഭക്ഷിച്ച ഏതോ മൃഗത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്.
വണ്ടന്‍പതാല്‍ ഫോറസ്റ്റ് സ്റ്റേഷനില്‍ പഞ്ചായത്ത് പ്രസിഡന്റ് അടക്കം വിവരമറിയിച്ചെങ്കിലും വനപാലകര്‍ എത്തിയില്ല. വെംബ്ലി കൊക്കയാര്‍ പാതയോരത്താണ് സംഭവം. കഴിഞ്ഞദിവസം സമീപ പ്രദേശമായ തേന്‍പുഴ ടോപ്പില്‍ പുലിയെ കണ്ടെതായി പ്രചാരണം ഉണ്ടായെങ്കിലും പിന്നീട് പൂച്ചപ്പുലിയെന്ന് സ്ഥിരീകരിച്ചിരുന്നു.
കഴിഞ്ഞയാഴ്ച വടക്കേമല ഉറുമ്പിക്കര പാതയോരത്ത് പൂച്ചപ്പുലിയെ ചത്തനിലയില്‍ കണ്ടിരുന്നു. മേഖലയില്‍ പൂച്ചപ്പുലി സാന്നിധ്യമാണ് ഉണ്ടായിരിക്കുന്നതെന്നും പൂച്ചപ്പുലി അപകടകാരിയല്ലെന്നും വനപാലകര്‍ അറിയിച്ചു.
എന്നാല്‍, നാടിനെ ഭീതിയിലാക്കിയ അജ്ഞാത ജീവിയെ കണ്ടെത്താന്‍ നാട്ടുകാര്‍ സഹായം തേടിയിട്ടും വനപാലകര്‍ തിരിഞ്ഞുനോക്കാന്‍ തയാറാകാതിരുന്നത് പ്രതിഷേധത്തിനിടയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.