കോട്ടയം: വേദനയുടെ നീറ്റൽ മാത്രം നിറഞ്ഞുനിന്നിരുന്ന മകളുടെ മുഖത്തെ ചിരിപ്പൂ കാണാൻ കണ്ണീർക്കടൽ താണ്ടിയൊരമ്മയുണ്ട്. അവൾ ജീവിതത്തിലുടനീളം അനുഭവിച്ച പ്രതിസന്ധികൾ, നൊമ്പരങ്ങൾ എല്ലാം തൊട്ടറിഞ്ഞൊരമ്മ. മകൾക്കൊപ്പം ആ അമ്മ നടത്തിയ അസാധാരണ ജീവിതയാത്രയുടെ കഥ പറയുകയാണ് ‘എനിക്കായ്’ എന്ന പുസ്തകം. ‘ടെതേഡ് കോഡ് വിത്ത് സ്കോളിയോസിസ്’ എന്ന രോഗാവസ്ഥയുള്ള മകൾ ഗൗരി പ്രദീപിനൊപ്പം താനും കുടുംബവും കടന്നുവന്ന വഴികളാണ് മാതാവ് ആശ പ്രദീപ് അക്ഷരങ്ങളിലേക്കു പകർത്തിയത്.
ജനിച്ച് ആറാം മാസം മുതൽ ആ കുഞ്ഞുശരീരത്തിൽ ശസ്ത്രക്രിയ തുടങ്ങിയതാണ്. നാലുവർഷത്തിനിടെ മാത്രം 11 എണ്ണം. ആറാം വയസ്സിൽ ഇനിയൊരു ചികിത്സയില്ലെന്ന് പറഞ്ഞ് ഡോക്ടർമാർ കൈയൊഴിഞ്ഞതാണ്. പിന്നീട് പൂർണമായി കിടപ്പിലായി. എറണാകുളത്തെ ആസ്റ്റർ മെഡ്സിറ്റിയാണ് ദൈവദൂതനെപ്പോലെ വന്നത്. പഴയ സന്തോഷത്തോടെ മകളെ തിരിച്ചുതരാമെന്ന വാക്ക് പാലിച്ചു അവർ. നടക്കാനായില്ലെങ്കിലും വീൽചെയറിൽ സഞ്ചരിക്കാമെന്നായി.
സാധാരണ സ്കൂളിലായിരുന്നു പഠനം. പത്താം ക്ലാസുവരെ ക്ലാസിൽ ഒപ്പമിരിക്കുമായിരുന്നു ആശ. പ്ലസ് വൺ ആയതോടെ ഒറ്റക്കിരിക്കാൻ ആത്മവിശ്വാസമായി. 98.5 ശതമാനം മാർക്കോടെയാണ് ഈ മിടുക്കി പ്ലസ് ടു ജയിച്ചത്. പത്താം ക്ലാസിൽ പഠിക്കുന്ന സമയത്ത് ശസ്ത്രക്രിയ കഴിഞ്ഞു കിടപ്പായതിനാൽ ക്ലാസിൽ പോകാൻ പറ്റിയില്ല. വീട്ടിലെത്തി പഠിപ്പിക്കുകയായിരുന്നു.
ചികിത്സക്കിടയിലും ഫ്ലൂട്ട്, ശാസ്ത്രീയസംഗീതം, കവിത തുടങ്ങിയവയിലും കൈവെച്ചു. ഇൻസ്റ്റഗ്രാമിൽ gouchisworld എന്ന അക്കൗണ്ടിൽ റീൽസുമായി സജീവമാണ്. ഏറ്റുമാനൂരപ്പൻ കോളജിലെ ബി.കോം അഞ്ചാം സെമസ്റ്റർ വിദ്യാർഥിനിയാണ് ഇപ്പോൾ ഗൗരി. കോളജ് അധ്യാപികയാകണമെന്നാണ് ഗൗരിയുടെ ആഗ്രഹം. ഇതിനിടെ ഹൃദയത്തിന് അസുഖം ബാധിച്ച് ആശയും ഗുരുതരാവസ്ഥയിലായിരുന്നു.
മാനസിക സമ്മർദം താങ്ങാനാകാതെ വന്നപ്പോഴാണ് എല്ലാം കുറിച്ചുവെക്കാൻ തുടങ്ങിയതെന്നു പറയുന്നു ആശ. ഭാവനയോ സങ്കൽപമോ ഒന്നുമില്ല. അനുഭവിച്ചത് പച്ചയായി പറഞ്ഞുവെക്കുകയായിരുന്നു. മരുന്നുകളുടെ ബലത്തിലാണ് ജീവിതം. എങ്കിലും തളരില്ല എന്ന ഉറപ്പോടെ മുന്നോട്ടുപോവുകയാണ്. എന്നെപ്പോലുള്ള ഒരുപാട് അമ്മമാർക്കുവേണ്ടിയാണീ പുസ്തകം’’-ആശ പറഞ്ഞു. പ്രദീപാണ് ഗൗരിയുടെ പിതാവ്. സഹോദരി ആതിര സി. നായർ വിവാഹിതയാണ്.
ബി.ആർ.സിയിലെ ഒരു കൂട്ടം അധ്യാപകരാണ് ആശയുടെ കുറിപ്പുകൾ പുസ്തകമാക്കാൻ മുൻകൈയെടുത്തത്. പുസ്തകം വായിക്കാനിടയായ മന്ത്രി വി.എൻ. വാസവൻ അവതാരിക എഴുതി. 20ന് വൈകീട്ട് 3.30ന് ഏറ്റുമാനൂർ വ്യാപാരഭവൻ ഹാളിൽ മന്ത്രി വി.എൻ. വാസവൻ ‘എനിക്കായ്’ പ്രകാശനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.