തലയോലപ്പറമ്പ്: സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽനിന്ന് 42.72 ലക്ഷം തട്ടിയെന്ന കേസിൽ ഒളിവിലിരുന്ന ഒന്നാം പ്രതിയായ യുവതി പൊലീസിൽ കീഴടങ്ങി. തലയോലപ്പറമ്പിൽ പ്രവർത്തിക്കുന്ന യുണൈറ്റഡ് ഫിൻ ഗോൾഡെന്ന സ്ഥാപത്തിലെ ബ്രാഞ്ച് ഇൻ ചാർജും ഗോൾഡ് ഓഫിസറുമായിരുന്ന തലയോലപ്പറമ്പ് പുത്തൻപുരക്കൽ കൃഷ്ണേന്ദുവാണ് തലയോലപ്പറമ്പ് പൊലീസിൽ കീഴടങ്ങിയത്. ഹൈകോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് കീഴടങ്ങൽ. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങാനും നിർദേശിച്ചിരുന്നു.
ഇവർക്കൊപ്പം ജോലി ചെയ്തിരുന്ന കൂട്ടുപ്രതി വൈക്കപ്രയാർ സ്വദേശി ദേവിപ്രജിത്തിനെ പിടികൂടാനായിട്ടില്ല. ഉദയംപേരൂർ തെക്കേപുളിപ്പറമ്പിൽ പി.എം. രാഗേഷിന്റെ ഉടമസ്ഥതയിൽ തലയോലപ്പറമ്പിൽ പ്രവർത്തിക്കുന്ന സ്വർണപ്പണയ സ്ഥാപനമായിരുന്ന യുണൈറ്റഡ് ഫിൻ ഗോൾഡിൽനിന്ന് കൃഷ്ണേന്ദുവും ഒപ്പം ജോലി ചെയ്യുന്ന ദേവിപ്രജിത്തും ചേർന്നാണ് 42.72 ലക്ഷം രൂപ തട്ടിയെന്നായിരുന്നു പരാതി.
ഡി.വൈ.എഫ്.ഐ മുൻ മേഖല ജോയന്റ് സെക്രട്ടറിയാണ് കൃഷ്ണേന്ദു. കേസിനെ തുടർന്ന് കൃഷ്ണേന്ദുവിനെ ഡി.വൈ.എഫ്.ഐ ഭാരവാഹിത്വത്തിൽനിന്ന് നീക്കുകയായിരുന്നു.
കൃഷ്ണേന്ദുവിന്റെ ഭർത്താവ് അനന്തു ഉണ്ണി സി.പി.എം തലയോലപ്പറമ്പ് ലോക്കൽ കമ്മിറ്റി മുൻ അംഗമാണ്. സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ അനന്തുവിനെ സി.പി.എം നേരത്തേ പുറത്താക്കിയിരുന്നു.
പണയഉരുപ്പടികൾ പണയം വെച്ചവർ ഇത് തിരിച്ചെടുക്കുമ്പോൾ കൊടുത്ത തുക കഴിഞ്ഞ ഏപ്രിൽ മുതൽ സ്ഥാപനത്തിന്റെ അക്കൗണ്ടിൽ ഇവർ അടച്ചിരുന്നില്ല. വായ്പത്തുക തിരിച്ചടച്ച 19 പേരിൽനിന്നു വാങ്ങിയ 42.72 ലക്ഷം രൂപയാണ് ഇവർ തട്ടിയെടുത്തത്. പണയ ഉരുപ്പടികൾ ഈടുവെക്കാതെ കൃഷ്ണേന്ദു ബന്ധുക്കളുടെ പേരിൽ സ്വർണപ്പണയ വായ്പയിനത്തിൽ 14 ലക്ഷം തട്ടിയെടുത്തതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തട്ടിയെടുത്ത പണം കൃഷ്ണേന്ദു സ്വന്തം അക്കൗണ്ടിലേക്കും ബന്ധുക്കളുടെ അക്കൗണ്ടിലേക്കും മാറ്റി. ഒരു വർഷത്തിനുള്ളിൽ വിവിധ ബാങ്കുകളിലായി കൃഷ്ണേന്ദു 10 കോടിയോളം രൂപയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നും ആരോപണമുണ്ട്.
കൂടാതെ തലയോലപ്പറമ്പിന് സമീപം വടകരയിലുള്ള ജ്വല്ലറിയിൽനിന്ന് പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹത്തിനാണെന്ന് പറഞ്ഞ് ലക്ഷക്കണക്കിന് രൂപയുടെ സ്വർണം വാങ്ങി പണം നൽകാതെ കബളിപ്പിച്ചതായി ജ്വല്ലറി ഉടമ നൽകിയ പരാതിയിൽ അനന്തു ഉണ്ണിക്കും ഭാര്യ കൃഷ്ണേന്ദുവിനുമെതിരെ തലയോലപ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നുണ്ട്.
കോടതിയിൽ ഹാജരാക്കിയ കൃഷ്ണേന്ദുവിനെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.