തലയോലപ്പറമ്പ്: തലയോലപ്പറമ്പ് മാർക്കറ്റിലെ ആക്രിക്കടയിൽ വൻ തീപിടിത്തം. പഴയ വാഹനങ്ങൾ എടുത്ത് പൊളിച്ചുവിൽക്കുന്ന കടയിലാണ് തീപിടിത്തമുണ്ടായത്.
മൂന്ന് അന്തർ സംസ്ഥാന തൊഴിലാളികൾക്ക് പൊള്ളലേറ്റു. ബിഹാർ സ്വദേശികളായ ശരവണൻ (38), രാജ് കുമാർ (29), അഭിജിത് (24) എന്നിവർക്കാണ് പൊള്ളലേറ്റത്. പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ 70 ശതമാനത്തോളം പൊള്ളലേറ്റ രാജ് കുമാറിന്റെ പരിക്ക് ഗുരുതരമാണ്. വ്യാഴാഴ്ച രാവിലെ 9.15ഓടെയാണ് അപകടം.
മാർക്കറ്റ്-പാലാംകടവ് റോഡിൽ പ്രവർത്തിക്കുന്ന കണ്ടത്തിപ്പറമ്പിൽ നവാസ്, നജീബ്, മനാഫ് എന്നീ സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള എൻ.എൻ ബ്രദേഴ്സ് ആക്രിക്കടയിലെ പഴയ അംബാസഡർ കാർ പൊളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് അപകടം. വാഹനത്തിന്റെ ഡീസൽ ടാങ്ക് പൊട്ടിത്തെറിച്ചതാണ് തീപിടിത്ത കാരണം.
കാറിന്റെ ഭാഗങ്ങൾ ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റുന്നതിനിടെ വാഹനത്തിന്റെ ടാങ്കുകളിൽ അവശേഷിച്ചിരുന്ന ഇന്ധനങ്ങളിൽ തീ പടർന്നുപിടിക്കുകയായിരുന്നു എന്നാണ് നിഗമനം. സമീപത്ത് പൊളിക്കാനിട്ടിരുന്ന ആറോളം വാഹനങ്ങളിൽകൂടി തീ ആളിപ്പടർന്നു.
മറ്റ് തൊഴിലാളികളും നാട്ടുകാരും ഉടൻ ഓടിയെത്തി തീയണക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കടുത്തുരുത്തിയിൽനിന്ന് അസി. സ്റ്റേഷൻ ഓഫിസർ ടി. ഷാജികുമാറിന്റെ നേതൃത്വത്തിൽ രണ്ട് അഗ്നിരക്ഷാസേന യൂനിറ്റും വൈക്കത്തുനിന്ന് ഒരുയൂനിറ്റും എത്തി ഒന്നര മണിക്കൂർ കൊണ്ടാണ് തീ നിയന്ത്രണവിധേയമാക്കിയത്. തലയോലപ്പറമ്പ് പൊലീസും സ്ഥലത്തെത്തിയിരുന്നു. തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന വീടുകളിലേക്കും സമീപത്തെ മറ്റ് വ്യാപാരസമുച്ചയങ്ങൾക്കും തീ പിടിക്കാതിരുന്നത് അഗ്നിരക്ഷാ സേനാംഗങ്ങളുടെ സമയോചിത പ്രവർത്തനംമൂലമാണ്.
അഗ്നിരക്ഷാ സേനാംഗങ്ങളായ എ. നൗഷാദ്, ഇ.ജെ. അജയകുമാർ, കെ.സി. മനു, എസ്. രഞ്ജിത്, ഡി. അനൂപ് കൃഷ്ണൻ എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.