തലയോലപ്പറമ്പ്: എ.ജെ ജോൺ മെമ്മോറിയൽ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ പുതിയ ലൈബ്രറി എഴുത്തുകാരനും സാമൂഹിക പ്രവർത്തകനും പ്രഭാഷകനുമായ ഫാ. ബോബി ജോസ് കട്ടിക്കാട് ഉദ്ഘാടനം ചെയ്തു. ഓരോ പുസ്തകവും ഓരോ പുതിയ മനുഷ്യനെ സൃഷ്ടിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരുപുസ്തകം വായിച്ചുതുടങ്ങുമ്പോൾ ഉള്ള മനുഷ്യനല്ല അതിനുശേഷമുള്ള മനുഷ്യൻ എന്നും വായന മനുഷ്യനെ കുറച്ചുകൂടി നല്ല മനുഷ്യനായി മാറ്റുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കവികളുടെയും കഥാകാരന്മാരുടെയും ചിത്രങ്ങൾ കൊണ്ടും അവരുടെ കൃതികളിലെ വരകൾ കൊണ്ടും ശ്രദ്ധേയമാണ് ലൈബ്രറി. വിവിധ ഭാഷകളിലെ പ്രശസ്തരായ എഴുത്തുകാരുടെ ചിത്രങ്ങളും അവരുടെ കൃതികളിലെ സന്ദർഭങ്ങളും ആണ് ചുവരുകളിൽ നിറയുന്നത്.
വൈക്കം മുഹമ്മദ് ബഷീറിെൻറ പ്രശസ്തമായ കൃതികളിലെ കഥാപാത്രങ്ങൾ, വൈക്കത്തിെൻറ ജൈവികതയും ചരിത്രവും സംസ്കാരവും അടയാളപ്പെടുത്തുന്ന ചിത്രങ്ങൾ, പൂതപ്പാട്ട്, വാഴക്കുല, ഉമ്മാച്ചു, മയ്യഴിപ്പുഴയുടെ തീരങ്ങളിൽ, ഖസാക്കിെൻറ ഇതിഹാസം, രണ്ടാമൂഴം, ടോട്ടോച്ചാൻ, ചണ്ഡാലഭിക്ഷുകി, ചിന്താവിഷ്ടയായ സീത, മാമ്പഴം, ആടുജീവിതം തുടങ്ങി നിരവധി കൃതികളിലെ കഥാസന്ദർഭങ്ങൾ ചുവരുകളിൽ ചിത്രീകരിച്ചിരിക്കുന്നു. ഒപ്പം വിവിധ ഭാഷകളിലെ പ്രശസ്തരായ എഴുത്തുകാരുടെ പോർട്രേറ്റ്കളും ചുവരു കളിലുണ്ട്. സ്കൂളിെൻറ ഏതുഭാഗത്തുനിന്ന് നോക്കിയാലും കാണുന്ന വൈക്കം മുഹമ്മദ് ബഷീറിെൻറ ചിത്രമാണ് ലൈബ്രറിയിലേക്ക് സ്വാഗതം ചെയ്യുന്നത്.
നിരവധി പുസ്തകങ്ങൾ നിറയുന്ന ലൈബ്രറി കുട്ടികൾക്ക് പുതിയ അനുഭവം സമ്മാനിക്കുന്നതാണ്. സീനിയർ അസി. ഡോ.യു. ഷംലയുടെ ആശയങ്ങളെ ആസ്പദമാക്കി സ്കൂളിലെ ഡ്രോയിങ് അധ്യാപകനും ആർട്ടിസ്റ്റുമായ എൻ.വി. കൃഷ്ണൻകുട്ടി, ബഷീർ ഹുസൈൻ, ശരത്, അജിത്കുമാർ എന്നിവർ ചേർന്ന് 40 ദിവസങ്ങൾ കൊണ്ടാണ് ചിത്രങ്ങൾ തയാറാക്കിയത്. കേവലം ഒരു ലൈബ്രറി മാത്രമല്ല സ്കൂളിെൻറ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് ഒരിടംകൂടി ഒരുക്കുകയാണ് ലക്ഷ്യമെന്ന് പ്രിൻസിപ്പൽ വി.കെ. അശോക് കുമാർ പറയുന്നു. ഹെഡ്മിസ്ട്രസ് വി.വി. വിജയകുമാരി, പി.ടി.എ പ്രസിഡൻറ് എം.എസ്. തിരുമേനി, കവയിത്രി നിഷാ നാരായണൻ, പ്രീത നായർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.