കോട്ടയം: ഇൻഷുറൻസ് പോളിസിയെടുത്ത രോഗിക്ക് കിടത്തിച്ചികിത്സ വേണമോയെന്ന് തീരുമാനിക്കേണ്ടത് ഡോക്ടർ ആണെന്നും ഇൻഷുറൻസ് കമ്പനി അല്ലെന്നും ജില്ല ഉപഭോക്തൃതർക്ക പരിഹാര കമീഷൻ. കിടത്തിച്ചികിത്സ ആവശ്യമില്ലെന്ന് പറഞ്ഞ് ഇൻഷുറൻസ് ക്ലെയിം നിരസിക്കാൻ കമ്പനിക്ക് അധികാരമില്ലെന്നും കമീഷൻ വ്യക്തമാക്കി.
ആമവാത ചികിത്സക്കുള്ള ടോസിലിസുമാബ് ഇഞ്ചക്ഷന് ചെലവായ 1,18,318 രൂപ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി നൽകുന്നില്ലെന്ന് കാട്ടി ചിറക്കടവ് വാലുമണ്ണേൽ വി.ടി. ജേക്കബ് നൽകിയ കേസിലായാണ് നിരീക്ഷണം.
ജേക്കബിന്റെ മറ്റ് രോഗാവസ്ഥ പരിഗണിക്കാതെ മെഡിക്കൽ ടെസ്റ്റ്ബുക്കുകളുടെയും രേഖകളുടെയും അടിസ്ഥാനത്തിൽ ചികിത്സ ചെലവ് നിരസിച്ചത് കമ്പനിയുടെ ഭാഗത്തുനിന്നുള്ള സേവന വീഴ്ചയാണെന്ന് അഡ്വ. വി.എസ്. മനുലാൽ പ്രസിഡന്റായും അഡ്വ. ആർ. ബിന്ദു, കെ.എം. ആന്റോ എന്നിവർ അംഗങ്ങളുമായ ജില്ല ഉപഭോക്തൃതർക്കപരിഹാര കമീഷൻ കണ്ടെത്തി.
കിടത്തിച്ചികിത്സ ആവശ്യമില്ലെന്ന് പറഞ്ഞ് ഇൻഷുറൻസ് പരിരക്ഷ ബിസിനസ് കാഴ്ചപ്പാടോടെ നിരസിക്കുന്നത് ആരോഗ്യ ഇൻഷുറൻസിന്റെ ലക്ഷ്യങ്ങൾക്ക് വിരുദ്ധമാണെന്ന് കണ്ടെത്തിയ ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ ജേക്കബിന് 1,18,318 രൂപ 2022 ജനുവരി 25 മുതൽ 12 ശതമാനം പലിശ സഹിതം നൽകാനും 25,000 രൂപ നഷ്ടപരിഹാരമായി നൽകാനും ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.