വൈക്കം: തലയോലപ്പറമ്പിൽ 10ഓളംപേരെ കടിച്ച നായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ഇത് മറ്റ് നായ്ക്കളെയും വളർത്തു മൃഗങ്ങളെയും കടിച്ചിരുന്നു. പിന്നീട് നായ് ചത്തിരുന്നു. തിരുവല്ലയിലെ സംസ്ഥാന പക്ഷിരോഗ നിർണയ കേന്ദ്രത്തിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് പേവിഷബാധ കണ്ടെത്തിയത്.
പേവിഷബാധ സ്ഥിരീകരിച്ചതോടെ ചത്ത നായ, കടിച്ച മറ്റ് നായ്ക്കളെയും വളർത്ത് മൃഗങ്ങളെയും നിശ്ചിത ഇടവേളകളിൽ വാക്സിൻ നൽകി പ്രത്യേകം സംരക്ഷിക്കുന്നതിനും പഞ്ചായത്തിലെ എല്ലാ വാർഡുകളിലും അലഞ്ഞുതിരിഞ്ഞ് നടക്കുന്നവക്ക് അടിയന്തര കുത്തിവെപ്പ് നൽകാനും അധികൃതർ തീരുമാനിച്ചു. ഇതിനായി ഡോഗ് ക്യാച്ചറിന്‍റെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
നായുടെ ആക്രമണത്തിൽ പരിക്കേറ്റ ആളുകൾക്ക് ആരോഗ്യവകുപ്പ് പ്രത്യേക നിർദേശവും നിരീക്ഷണവും ഏർപ്പെടുത്തി. കടിയേറ്റ വളർത്തുമൃഗങ്ങളെ 10 ദിവസം നിരീക്ഷണത്തിൽ പാർപ്പിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്.
ഗാന്ധിനഗർ: മെഡിക്കൽ കോളജ് കാൻസർ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന തിരുവാതുക്കൽ സ്വദേശിനിയുടെ കൂട്ടിരിപ്പുകാരനെ തെരുവുനായ് കടിച്ചു. കടുത്തുരുത്തി ഞീഴൂർ ഇടാട്ടുപറമ്പിൽ ഷൈജുവിനെയാണ് (40) നായ് കടിച്ചത്. വെള്ളിയാഴ്ച വൈകീട്ട് നാലിനാണ് സംഭവം. ഷൈജുവിന്‍റെ ഭാര്യാമാതാവാണ് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നത്.
ബേക്കറിയിൽനിന്ന് രോഗിക്ക് സാധനങ്ങൾ വാങ്ങി റോഡിലൂടെ നടന്നുവരുമ്പോഴാണ് ഷൈജുവിനെ നായ് കടിച്ചത്. വലത് കാൽമുട്ടിൽ കടിച്ച നായ് പാന്‍റ് കടിച്ചുകീറി. ഇതുകണ്ട മറ്റൊരാൾ നായെ എറിഞ്ഞ് ഓടിക്കുകയായിരുന്നു. മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച ഷൈജുവിന്പേവിഷബാധക്കെതിരെ കുത്തിവെപ്പെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.