ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ പൊലീസ് കൊണ്ടുവന്ന പ്രതി ജൂനിയർ വനിത ഡോക്ടറെ അസഭ്യം പറഞ്ഞ സംഭവത്തിൽ പ്രതിക്കായി അന്വേഷണം ഊർജിതമാക്കി ഗാന്ധിനഗർ പൊലീസ്. വെള്ളിയാഴ്ച രാത്രി 12.30ഓടെ ഏറ്റുമാനൂർ പൊലീസ് മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിച്ച പത്തനംതിട്ട സീതത്തോട് സ്വദേശിയായ ബിജു പി. ജോൺ എന്നയാൾ ജനറൽ സർജറി വിഭാഗത്തിൽ ഡ്യൂട്ടി ചെയ്തിരുന്ന വനിതാ ഡോക്ടറെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു.
ഏറ്റുമാനൂർ ഭാഗത്ത് രാത്രി തട്ടുകടയിലുണ്ടായ അടിപിടി കേസുമായി ബന്ധപ്പെട്ടാണ് ഇയാളെ പൊലീസ് ആശുപത്രിയിലെത്തിച്ചത്. അക്രമാസക്തനായ ഇയാളെ ജൂനിയർ വനിത ഡോക്ടർ പരിശോധിച്ച ശേഷം നിരീക്ഷണമുറിയിലേക്ക് മാറ്റി കൈകാലുകൾ കട്ടിലിൽ ബന്ധിച്ചിരുന്നു.
ശനിയാഴ്ച പുലർച്ച രോഗികളെ പരിശോധിക്കാനായി ഡോക്ടർ നിരീക്ഷണ മുറിയിലെത്തിയപ്പോൾ ഇയാൾ കടുത്ത അശ്ലീലഭാഷ സംസാരിച്ച് ഡോക്ടറുടെ നേരെ തട്ടിക്കയറുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.
തുടർന്ന് രാവിലെ 6.30ന് വനിത ഡോക്ടർ പൊലീസ് എയ്ഡ് പോസ്റ്റിൽ പരാതി നൽകി. വിവരമറിഞ്ഞ പ്രതി ആശുപത്രിയിൽനിന്ന് കടന്നുകളയുകയായിരുന്നു. പിന്നീട് ഡോക്ടർ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകുകയും ഡോക്ടറുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഒളിവിൽ പോയ പ്രതിയെ പിടികൂടാൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും ഇയാൾ വീട്ടിൽനിന്ന് ഒറ്റപ്പെട്ട് അലഞ്ഞുതിരിഞ്ഞ് നടക്കുന്ന ആളാണെന്നും പൊലീസ് അറിയിച്ചു.
വനിതാ ഡോക്ടറെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളജിലെ പി.ജി ഡോക്ടർമാർ അത്യാഹിത വിഭാഗത്തിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി.
കഴിഞ്ഞ ശനിയാഴ്ച രാത്രി ഏറ്റുമാനൂർ പൊലീസ് മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിലെത്തിച്ച പത്തനംതിട്ട സീതത്തോട് സ്വദേശിയായ പ്രതി സർജറി വിഭാഗത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പി.ജി വനിതാ ഡോക്ടറെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ ഡോക്ടർ പരാതി നൽകിയിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഒന്നും ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് പ്രകടനവും അത്യാഹിത വിഭാഗത്തിന് മുന്നിൽ ധർണയും നടത്തിയത്.
ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കുമെന്ന ആരോഗ്യമന്ത്രിയുടെ ഉറപ്പ് ഇതുവരെ നടപ്പാക്കിയില്ലെന്നും ആശുപത്രിയിൽനിന്ന് ചാടിപ്പോയ പ്രതിക്കെതിരെ നിയമനടപടി സ്വീകരിച്ചില്ലെങ്കിൽ മറ്റ് സമരപരിപാടികളിലേക്ക് കടക്കുമെന്നും ധർണ ഉദ്ഘാടനം ചെയ്ത പി.ജി അസോസിയേഷൻ പ്രസിഡന്റ് ഡോ.അഫ്സാന ഫാബിഖാൻ പറഞ്ഞു.ജനറൽ സെക്രട്ടറി ഡോ. ആദർശ് കെ.വി, എക്സിക്യൂട്ടിവ് കോഓഡിനേറ്റർ ഡോ. ജിബിൻ.എസ്, കോളജ് യൂനിയൻ വൈസ് ചെയർപേഴ്സൻ ഡോ.കല്യാണി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.