പാലാ: പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥമൂലം മഴ പെയ്താലുടൻ വെള്ളക്കെട്ട് രൂപപ്പെടുന്നു. മൂവാറ്റുപുഴ-പുനലൂർ ഹൈവേയുടെ ഭാഗമായ കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിന് എതിർവശത്തെ റോഡിലാണ് നൂറ് മീറ്ററിലധികം ഭാഗത്ത് വെള്ളക്കെട്ട് രൂപപ്പെടുന്നത്. വർഷങ്ങളായി ഈ ഭാഗം വെള്ളക്കെട്ടിലാണ്. ചെറിയ മഴപെയ്താൽപോലും റോഡിന് പകുതിഭാഗം വരെ വെള്ളം കയറും. വലിയ മഴപെയ്താൽ റോഡ് മുഴുവൻ വെള്ളക്കെട്ടാണ്. ഇതുമൂലം വാഹനയാത്രികരും കാൽനടക്കാരും കഷ്ടപ്പെടുകയാണ്.
ചാവറ പബ്ലിക് സ്കൂൾ, സെന്റ് വിൻസെന്റ് സ്കൂൾ, പൊലീസ് സ്റ്റേഷൻ, ചെറുപുഷ്പം ആശുപത്രി, കിഴതടിയൂർ പള്ളി എന്നിവിടങ്ങളിലേക്ക് പോകുന്ന കാൽനടക്കാർ വെള്ളക്കെട്ടിലൂടെ നടന്നു പോകണം. ശരിയായ രീതിയിൽ ഓട നിർമിക്കാത്തതാണ് വെള്ളക്കെട്ടിന് കാരണമെന്ന് മഹാത്മാഗാന്ധി നാഷനൽ ഫൗണ്ടേഷൻ കുറ്റപ്പെടുത്തി.
സ്വകാര്യ കെട്ടിട നിർമാണത്തെ സഹായിക്കാൻ നാളുകളായി ഓടനിർമാണം നടത്താതെ അധികൃതർ അനാസ്ഥ കാട്ടിയതായി ഫൗണ്ടേഷൻ ആരോപിച്ചു. പിന്നീട് കെട്ടിടനിർമാണം പൂർത്തിയായപ്പോൾ ഈ കെട്ടിടത്തിന്റെ മുൻവശത്ത് മാത്രമായി അശാസ്ത്രീയമായി ഓട നിർമാണം പൂർത്തീകരിച്ചു. ഇതുമൂലമാണ് സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടുന്നതെന്നും ഫൗണ്ടേഷൻ ആരോപിച്ചു. പലപ്പോഴും ഈ ഗതാഗതക്കുരുക്ക് പൂഞ്ഞാർ - ഈരാറ്റുപേട്ട റോഡിലെ ഗതാഗതത്തെയും പ്രതികൂലമായി ബാധിക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.