കോട്ടയം: കൊടുംചൂട് മഴക്കു വഴിമാറിയതോടെ ജില്ലയിൽ പനിബാധിതരുടെ എണ്ണമേറി. ആശുപത്രികളിൽ പനിക്ക് ചികിത്സ തേടിയെത്തുന്നവരാണ് അധികവും. ഡെങ്കിപ്പനിക്ക് സമാനമായ ലക്ഷണങ്ങളോടു കൂടിയ വൈറൽ പനിയാണ് രോഗികളെ വലക്കുന്നത്. കടുത്ത ശരീരവേദന, അമിതമായ ക്ഷീണം, വിട്ടുമാറാത്ത ചുമ, തലവേദന, ഛർദി എന്നിവയാണ് വൈറൽ പനിയുടെ ലക്ഷണങ്ങൾ. പനി മാറാൻ നൽകുന്ന ആന്റിബയോട്ടിക് മരുന്നുകൾ കഴിക്കുന്നതിന്റെ ക്ഷീണവും ഇതോടൊപ്പമുണ്ട്.
കാലാവസ്ഥയിലെ പെട്ടെന്നുള്ള മാറ്റമാണ് രോഗങ്ങൾക്ക് കാരണമായത്. സർക്കാർ ആശുപത്രികളിൽ പനിബാധിതരുടെ വലിയ നിരയാണ് കാണാനാകുക. ഈ മാസം ഇതുവരെ ആയിരങ്ങളാണ് പനിക്ക് ചികിത്സ തേടിയത്. ഡെങ്കിപ്പനിയും എലിപ്പനിയും വ്യാപകമായുണ്ട്. 13 പേർക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. അഞ്ചുപേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. എരുമേലി, വാഴൂർ, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, കോട്ടയം മുനിസിപ്പാലിറ്റി, ചിറക്കടവ്, മുണ്ടക്കയം എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തത്.
എലിപ്പനി, കുറവിലങ്ങാട്, അയ്മനം, നീണ്ടൂർ എന്നിവിടങ്ങളിലും. ഇടയാഴത്ത് ഒരാൾക്ക് മലേറിയയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സ്വകാര്യആശുപത്രികളിൽ ചികിത്സ തേടിയവരുടെ എണ്ണം ഇതിലേറെ വരും. പനിയുള്ളവർ സ്വയം ചികിത്സ നടത്താതെ ആശുപത്രികളിലെത്തണമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. രോഗബാധിതര്‍ സമ്പൂര്‍ണ വിശ്രമം എടുക്കണം. പനി മാറിയാലും മൂന്ന് നാലുദിവസം കൂടി ശ്രദ്ധിക്കണം.
കോട്ടയം: ഞായറാഴ്ച രാവിലെ 8.30ന് അവസാനിച്ച 24 മണിക്കൂറില്‍ ഈരാറ്റുപേട്ടയിൽ ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തി -125 മില്ലിമീറ്റര്‍. മുണ്ടക്കയത്ത് 120 മില്ലീമീറ്ററും തീക്കോയിയില്‍ 115 മില്ലീമീറ്ററും മഴ പെയ്തു. ഞായറാഴ്ച ജില്ലയിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നുവെങ്കിലും പകല്‍ ശക്തമായ മഴ പെയ്തില്ല. തിങ്കൾ, ചൊവ്വ ദിവസങ്ങളിലും ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വേനല്‍ മഴയില്‍ 322.2 മില്ലീമീറ്റര്‍ മഴ പ്രതീക്ഷിച്ചപ്പോള്‍ 319 മില്ലീമീറ്റര്‍ പെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.