കോട്ടയം: 38ാം വാർഡ് കൗൺസിലറും യു.ഡി.എഫ് പ്രതിനിധിയുമായ ജിഷ ഡെന്നിയുടെ മരണം മൂലം നഗരസഭയിൽ വീണ്ടും തെരഞ്ഞെടുപ്പ് വരുന്നു.ഇരുമുന്നണികൾക്കും അംഗബലം തുല്യമായിരുന്ന നഗരസഭയിൽ ഇപ്പോൾ 22 സീറ്റുമായി എൽ.ഡി.എഫാണ് മുന്നിൽ. ഭരണം കൈയിലുള്ള യു.ഡി.എഫ് ജിഷ ഡെന്നിയുടെ വിയോഗത്തോടെ 21 സീറ്റിലേക്കെത്തി. അസുഖബാധിതയായി ചികിത്സയിലായിരുന്ന ജിഷ കഴിഞ്ഞ ദിവസമാണു മരിച്ചത്.
ഈ വാർഡിലേക്ക് ആറുമാസത്തിനകം തെരഞ്ഞെടുപ്പ് നടക്കും. അധികാരംപിടിക്കാൻ എൽ.ഡി.എഫിനു കിട്ടുന്ന അവസരമാണിത്. ഭരണം കൈവിടാതിരിക്കാൻ യു.ഡി.എഫും പരിശ്രമിക്കും. 52 അംഗങ്ങളുള്ള നഗരസഭയിൽ 22 സീറ്റുകളാണ് എൽ.ഡി.എഫിനു ലഭിച്ചത്.
യു.ഡി.എഫിന് 21 സീറ്റും ബി.ജെ.പിക്ക് എട്ടും. 52ാം വാർഡിൽനിന്ന് യു.ഡി.എഫ് വിമതയായി മത്സരിച്ചുജയിച്ച ബിൻസി സെബാസ്റ്റ്യനെ കൂടെ നിർത്തിയാണ് യു.ഡി.എഫ് 22 എന്ന സംഖ്യയിലെത്തിയത്. തുടർന്ന് നറുക്കെടുപ്പിലൂടെ ഭരണം പിടിക്കുകയും ബിൻസി ചെയർപേഴ്സനാവുകയുമായിരുന്നു.
അഞ്ചുവർഷം ചെയർപേഴ്സൻ പദവി വാഗ്ദാനം ചെയ്താണ് യു.ഡി.എഫ് ബിൻസിയെ കൂടെ നിർത്തിയിരിക്കുന്നത്. ചെയർപേഴ്സനെതിരെ ബി.ജെ.പി അംഗങ്ങളുടെ പിന്തുണയോടെ എൽ.ഡി.എഫ് അവിശ്വാസം കൊണ്ടുവന്നിരുന്നെങ്കിലും തുടർന്നു നടന്ന തെരഞ്ഞെടുപ്പിൽ വീണ്ടും ബിൻസി തന്നെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
മാലിന്യ നിർമാർജന പ്രശ്നം, നിഷ്ക്രിയത്വം തുടങ്ങി ഭരണസമിതിയുടെ വീഴ്ചകൾക്കൊപ്പം കോൺഗ്രസിനകത്തെ പ്രശ്നങ്ങളും എൽ.ഡി.എഫ് തെരഞ്ഞെടുപ്പിൽ ഉപയോഗിക്കും. ചെയർപേഴ്സനെതിരെ അവിശ്വാസം വന്ന സമയത്തും രണ്ടു കൗൺസിലർമാർ തമ്മിലുള്ള പ്രശ്നം ഭീഷണിയായിരുന്നു.തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അടക്കം ഇടപെട്ട് ഒത്തുതീർപ്പാക്കിയശേഷമാണ് ഇവർ ഒരുമിച്ചുനിന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.