കോട്ടയം: പശ്ചിമഘട്ട മേഖലയിൽനിന്ന് മോണിലിഗാസ്റ്റർ ജനുസ്സിൽപെട്ട മൂന്ന് പുതിയ ഇനം മണ്ണിരകളെ എം.ജി സർവകലാശാലയിലെ അന്തർ സർവകലാശാല ഗവേഷണ പഠനകേന്ദ്രമായ അഡ്വാൻസ്ഡ് സെൻറർ ഓഫ് എൻവയോൺമെൻറൽ സ്റ്റഡീസ് ആൻഡ് സസ്റ്റെയ്നബിൾ ഡെവലപ്മെൻറിലെ മണ്ണിര ഗവേഷണസംഘം കണ്ടെത്തി. മോണിലിഗാസ്റ്റർ ബഹ്ലൈ, മോണിലിഗാസ്റ്റർ ബ്ലായ്ക്ക്മോറൈ, മോണിലിഗാസ്റ്റർ കേരളൻസിസ് എന്നിവയാണിവ. മറ്റ് സംസ്ഥാനങ്ങളിൽ 80 വർഷംമുമ്പ് കണ്ടെത്തിയ നാലിനം മോണിലിഗാസ്റ്റർ മണ്ണിരകളെയും കേരളത്തിൽനിന്ന് ആദ്യമായി കണ്ടെത്തി.
പ്രശസ്ത ഇന്ത്യൻ ജന്തുശാസ്ത്രജ്ഞനായിരുന്ന പ്രഫ. കെ.എൻ. ബഹ്ൽ, മണ്ണിര വർഗീകരണ ശാസ്ത്രജ്ഞനായ ഡോ. റോബർട്ട് ജെ. ബ്ലായ്ക്ക്മോർ എന്നിവരുടെ സ്മരണാർഥമാണ് രണ്ട് പുതിയയിനം മണ്ണിരകൾക്ക് പേരുകൾ നൽകിയിരിക്കുന്നത്. മൂന്നാമത്തെ മണ്ണിരക്ക് കേരളത്തിെൻറ പേരാണ് നൽകിയത്. ആദ്യമായാണ് കേരളത്തിൽനിന്നുള്ള മണ്ണിരക്ക് സംസ്ഥാനത്തിെൻറ പേര് നൽകുന്നത്.
ഇവയിൽ മോണിലിഗാസ്റ്റർ ബഹ്ലൈ പറമ്പിക്കുളം കടുവ സങ്കേതത്തിലെ മൂന്ന് സ്ഥലങ്ങളിൽനിന്നും മോണിലിഗാസ്റ്റർ ബ്ലായ്ക്ക്മോറൈ കോട്ടയം, പത്തനംതിട്ട ജില്ലകളിലെ രണ്ടുസ്ഥലങ്ങളിൽനിന്നും മോണിലിഗാസ്റ്റർ കേരളൻസിസ് ഇടുക്കി, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ 10 പ്രദേശങ്ങളിൽനിന്നുമാണ് ലഭിച്ചത്. ഈ കണ്ടെത്തലുകൾ ന്യൂസിലൻഡിൽനിന്ന് പ്രസിദ്ധീകരിക്കുന്ന പ്രശസ്ത അന്തർദേശീയ ഗവേഷണ ജേണലായ സൂടാക്സയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മോണിലിഗാസ്റ്റർ ജനുസ്സിൽപെട്ട മണ്ണിരയുടെ പൂർവികർ ഏകദേശം രണ്ടുകോടി വർഷംമുമ്പ് ഇവിടെ നിലനിന്നിരുന്നുവെന്നാണ് നിഗമനം. മണ്ണിൽ ജീവിക്കുന്ന അകശേരു ജീവിവർഗങ്ങളിൽ വലുപ്പത്തിൽ മുൻപന്തിയിലുള്ളവരാണ് മണ്ണിരകൾ. ആവാസവ്യവസ്ഥയിലെ മാറ്റങ്ങളോടുള്ള സംവേദനക്ഷമതയും വിവിധതരം മണ്ണുകളിൽ കാണപ്പെടുന്നു എന്നുള്ളതുകൊണ്ടും മണ്ണിരകളെ പാരിസ്ഥിതിക സൂചകങ്ങളായി കണക്കാക്കപ്പെടുന്നു.
മണ്ണിരയുടെ വർഗീകരണം, മോളിക്യുലർ തലത്തിലും ബന്ധപ്പെട്ട ജൈവശാസ്ത്രമേഖലകളിലും ഗവേഷണ പഠനങ്ങൾ നടത്തുന്ന പ്രസ്തുതകേന്ദ്രം ഇന്ത്യയിലെ ചുരുക്കം ഗവേഷണസ്ഥാപനങ്ങളിലൊന്നാണ്. ഇന്ത്യയിെലയും മറ്റ് രാജ്യങ്ങളിലെയും സ്ഥാപനങ്ങളുമായി ഗവേഷകബന്ധം ഈ കേന്ദ്രത്തിനുണ്ട്. ഡോ. എസ്. പ്രശാന്ത് നാരായണൻ, എസ്. ശത്രുമിത്ര, ആർ. അനുജ, ഡോ. ജി. ക്രിസ്റ്റഫർ, ഡോ. എ.പി. തോമസ്, ഡോ. ജെ.എം. ജുൽക എന്നിവരുൾപ്പെട്ട ഗവേഷണസംഘമാണ് പഠനങ്ങൾ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.