കോട്ടയം: ടൂറിസം വകുപ്പും പ്രദേശിക ഭരണകൂടങ്ങളും സ്ഥലത്തെ ജനപ്രതിനിധികളും നാട്ടുകാരും ഒന്നിച്ചാൽ അകലക്കുന്നം പഞ്ചായത്തിലെ 15ാം വാർഡിൽ മറ്റക്കര ആലുംമൂട് തുരുത്തിപ്പള്ളി പ്രദേശത്തെ ടൂറിസം പദ്ധതി നാടറിയും. വർഷങ്ങൾക്ക് മുമ്പാണ് തുരുത്തിപ്പള്ളി ടൂറിസം എന്ന ആശയം ഉയർന്നുവന്നത്. അതിന് കാരണമായത് മറ്റക്കര തുരുത്തിപ്പള്ളി ഭാഗത്തിന്റെ പ്രകൃതി സൗന്ദര്യവും.
തുരുത്തിപ്പള്ളി ക്ഷേത്രത്തിന്റെ ചുറ്റുപാടും ജലാശയങ്ങളും വയലുകളും നിറഞ്ഞതാണ്. മറ്റക്കര ആലുംമൂട് ജങ്ഷൻ മുതൽ നല്ലമ്മക്കുഴി വരെയുള്ള ഭാഗങ്ങൾ ചെടികൾ വെച്ച് ഭംഗിയാക്കിയിട്ടുണ്ട്. നെൽപാടങ്ങൾക്ക് നടുവിലൂടെ തുരുത്തിപ്പള്ളി ക്ഷേത്രത്തിലേക്കും നല്ലമ്മക്കുഴി ഭാഗത്തേക്കും പോകുന്ന റോഡാണിത്. വൈകുന്നേരങ്ങളിൽ കുടുംബസമേതം വിശ്രമിക്കാനും അസ്തമയം കാണാനും പ്രകൃതിഭംഗി ആസ്വദിക്കാനും പറ്റിയ ഇടമായി ഹാപ്പിനെസ് പാർക്ക് എന്ന് പഞ്ചായത്ത് നാമകരണം ചെയ്ത ഈ ടൂറിസം പദ്ധതി വളർന്നു വരുന്നു. സഞ്ചാരികൾക്ക് ഇരിക്കാൻ ഇരിപ്പിടവും ചെറു പാർക്കുകളുംകൂടി ഉൾപ്പെടുത്തി വികസിപ്പിച്ചാൽ മറ്റ് സ്ഥലങ്ങളിൽനിന്ന് സഞ്ചാരികൾ എത്തിച്ചേരും. തുരുത്തിപ്പള്ളി ക്ഷേത്രത്തിന്റെ വശങ്ങളിലായി കാണുന്ന തുരുത്തിപ്പള്ളി ചിറയിലും ടൂറിസം സാധ്യതകളേറെ. 18 ഏക്കറോളം ജലാശയമാണ് ഉപയോഗരഹിതമായി കിടക്കുന്നത്. പ്രദേശത്തെ ചളിയും കാടും നീക്കി പെഡൽ ബോട്ടുകൾ, കൊട്ടവഞ്ചി, ശിക്കാര വള്ളങ്ങൾ തുടങ്ങിയവ തയാറാക്കി പ്രധാന ആകർഷക കേന്ദ്രമാക്കി മാറ്റാൻ സാധിക്കും.
ഹാപ്പിനെസ് പാർക്കിന് വേണ്ടി ഇരിപ്പിടങ്ങൾ വാങ്ങാനുള്ള പദ്ധതി പഞ്ചായത്തിൽ നടന്നുവരുന്നതായി അധികൃതർ അറിയിച്ചു.
മറ്റക്കര മഹാത്മാഗാന്ധി ചാരിറ്റബിൾ സൊസൈറ്റി കൾചറർ ആൻഡ് റിസർച്ച് സെന്ററും മറ്റക്കര ബർമതി ഫൗണ്ടേഷനും ചെടികളുടെ പരിപാലനവും സൗന്ദര്യവത്കരണവും നടത്തിവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.