കോട്ടയം: തിരുനക്കര ബസ്സ്റ്റാൻഡ് കെട്ടിടത്തിൽനിന്ന് ഒഴിപ്പിച്ച വ്യാപാരികൾക്കുനേരെ കണ്ണടച്ച് നഗരസഭ അധികൃതർ. കെട്ടിടം പൊളിച്ച സ്ഥലത്ത് താൽക്കാലിക പുനരധിവാസം നൽകാൻ 2022 നവംബർ 10ന് പേർന്ന കൗൺസിൽ യോഗം തീരുമാനിച്ചിരുന്നു. എന്നാൽ, ഇന്നുവരെ ആ തീരുമാനം നടപ്പാക്കാനായില്ല.
ബസ്സ്റ്റാൻഡ് മൈതാനം 31വരെ തിരുനക്കര ഉത്സവത്തോടനുബന്ധിച്ച് വ്യാപാര-വിനോദ മേളക്ക് വിട്ടുനൽകിയിരിക്കുകയാണ്. സ്റ്റാൻഡിനെ ആശ്രയിച്ചുകഴിഞ്ഞ നൂറുകണക്കിന് പേരെ വഴിയാധാരമാക്കിയാണ് മൈതാനത്ത് വ്യാപാരമേള നടത്തുന്നത്. 2022 ഒക്ടോബറിലാണ് കെട്ടിടത്തിൽനിന്ന് 52 ലൈസന്‍സികളെ ഒഴിപ്പിച്ചത്. അന്നുമുതൽ പുനരധിവാസം വാഗ്ദാനം മാത്രമായിരിക്കുകയാണ്. കെട്ടിടം പൊളിക്കുന്നതുവരെ പുനരധിവാസം നൽകുമെന്നുതന്നെ ആയിരുന്നു അധികൃതരുടെ നിലപാട്. എന്നാൽ, പൊളിച്ചതോടെ ആരും വ്യാപാരികളെക്കുറിച്ച് മിണ്ടുന്നില്ല.
ലോട്ടറി, ഫോട്ടോസ്റ്റാറ്റ്, ബേക്കറി തുടങ്ങി ചെറുകിട കടകളായിരുന്നു കെട്ടിടത്തിൽ ഭൂരിഭാഗവും. പലരും കച്ചവടം ഇല്ലാതായതോടെ ദുരിതത്തിലാണ്. പുതിയ കെട്ടിടം പണിതാൽ ഇവർക്ക് മുൻഗണന നൽകുമെന്ന് നഗരസഭ പറഞ്ഞിട്ടുണ്ടെങ്കിലും ഇതുവരെയുള്ള അനുഭവംവെച്ച് നടക്കാനിടയില്ലെന്നാണ് വ്യാപാരികൾ പറയുന്നത്.
പുതിയ കെട്ടിടം ഉടൻ യാഥാർഥ്യമാകില്ല. ഡി.പി.ആർ തയാറാക്കാൻപോലും ആയിട്ടില്ല ഇതുവരെ. നേരത്തേ ഇവർക്ക് പിന്തുണയുമായി ജനപ്രതിനിധികൾ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ എല്ലാവരും കൈയൊഴിഞ്ഞമട്ടാണ്. മൈതാനത്ത് ഉണ്ടായിരുന്ന ബസ് ബേ പുനരാരംഭിച്ചിട്ടില്ല. ബസുകളെല്ലാം പോസ്റ്റ് ഓഫിസ് റോഡിലൂടെ കടന്നുപോകുന്നതിനാൽ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
മൈതാനത്ത് ഉണ്ടായിരുന്ന ഏക ശൗചാലയം പൂട്ടിയിട്ട് ദിവസങ്ങളായി. ഡ്രൈവർമാരും സമീപത്തെ കടകളിലെ ജീവനക്കാരുമൊക്കെ ഇതുമൂലം കഷ്ടത്തിലാണ്. പകരം സംവിധാനമൊരുക്കാനോ ശൗചാലയം തുറക്കാനോ നടപടിയില്ല. ജനങ്ങളുടെ ദുരിതങ്ങളാന്നും അറിയാത്ത മട്ടാണ് നഗരസഭക്ക്. ബസ് ബേ തുടങ്ങാത്ത വിഷയത്തിൽ ജില്ല ലീഗൽ സർവിസ് അതോറിറ്റി കേസെടുത്തിട്ടുണ്ട്.
കോട്ടയം: തിരുനക്കര ബസ് സ്റ്റാൻഡ് മൈതാനത്ത് ബസ് ബേ പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നഗരസഭയുടെയും കലക്ടറേറ്റിന്റെയും നേതൃത്വത്തിൽ പരിശോധന നടത്തി. പൊതുജനങ്ങളുടെ യാത്രദുരിതം കണക്കിലെടുത്ത് ബസ് ബേ പുനരാരംഭിക്കുന്ന കാര്യം ആലോചിക്കാൻ ആവശ്യപ്പെട്ട് കലക്ടർ നഗരസഭക്ക് കത്ത് നൽകിയിരുന്നു. ഇതേതുടർന്നാണ് പരിശോധന നടത്തിയത്.
വ്യാപാരമേളക്കു നൽകിയതിനാൽ ഏപ്രിൽ ഒന്നിനുശേഷമേ ബസ് ബേ ആരംഭിക്കാനാവൂ. ബുധനാഴ്ച ചേരുന്ന കൗൺസിലിൽ ഇക്കാര്യം ചർച്ച ചെയ്യും. ചെയർപേഴ്സൻ ബിൻസി സെബാസ്റ്റ്യൻ, വൈസ് ചെയർമാൻ ബി. ഗോപകുമാർ എന്നിവർക്കൊപ്പം മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തു.
തിരുനക്കര ബസ്സ്റ്റാൻഡ് മൈതാനം റവന്യൂ അധികൃതർ അളന്നുതിരിച്ച് നഗരസഭക്ക് റിപ്പോർട്ട് നൽകി. രണ്ട് മീറ്റർ ഉയരത്തിൽ മൈതാനത്ത് ഷീറ്റ് കൊണ്ട് മറച്ച് താൽക്കാലിക ചുറ്റുമതിൽ പണിയാനാണ് തീരുമാനം. ഇതിനായി 6.42 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് എൻജിനീയറിങ് വിഭാഗം നൽകിയിട്ടുണ്ട്. വിഷയം ബുധനാഴ്ച ചേരുന്ന കൗൺസിൽ ചർച്ച ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.