കോട്ടയം: വൈദ്യുതി കുടിശ്ശിക വരുത്തിയ പൊതുമേഖല സ്ഥാപനത്തിന്റെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി. കോട്ടയം നാട്ടകത്തെ ട്രാവൻകൂർ സിമന്റ്സ് ലിമിറ്റഡിന്റെ വൈദ്യുതി കണക്ഷനാണ് കട്ട് ചെയ്തത്.
സ്ഥാപനം രണ്ടുകോടി രൂപ കുടിശ്ശിക വരുത്തിയതോടെയാണ് നടപടി. സാമ്പത്തിക ബാധ്യതയാൽ ബുദ്ധിമുട്ടുന്ന ട്രാവൻകൂർ സിമന്റ്സിന് കെ.എസ്.ഇ.ബിയുടെ നടപടി തിരിച്ചടിയായി. മാസങ്ങളായി ജീവനക്കാർക്ക് ശമ്പളവും വർഷങ്ങളായി വിരമിച്ച ജീവനക്കാർക്ക് പെൻഷൻ ആനുകൂല്യങ്ങളും കൊടുക്കാനാകാതെ വലയുകയാണ് കമ്പനി.
സാമ്പത്തികബാധ്യത തീർക്കാൻ കമ്പനിക്ക് കീഴിൽ കാക്കനാട്ടുള്ള സ്ഥലം വിൽക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. അതുമായി മുന്നോട്ട് പോകുന്നതിനിടെയാണ് കൂനിന്മേൽ കുരുപോലെ കെ.എസ്.ഇ.ബി വൈദ്യുതി വിച്ഛേദിച്ചത്. രണ്ടുകോടിയുടെ കുടിശ്ശിക എങ്ങനെ പെട്ടെന്ന് തീർക്കുമെന്ന് മാനേജ്മെന്റിനും ഒരെത്തുംപിടിയുമില്ല. വിഷയത്തിൽ സർക്കാറിന്റെ ഇടപെടലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് മാനേജ്മെന്റ്.
കമ്പനിയുടെ കാക്കനാട്, കോട്ടയത്തെ ചെമ്പ് എന്നിവിടങ്ങളിലെ ഭൂമി വിൽക്കാനാണ് സർക്കാർ അനുമതി. എന്നാൽ, ഭൂമിയുടെ രേഖകൾ ഉൾപ്പെടെ സാങ്കേതിക പ്രശ്നങ്ങളാൽ ചെമ്പിലെ ഭൂമി കൈമാറാൻ കഴിയാത്ത അവസ്ഥയാണ്. കാക്കനാട്ടെ ഭൂമി വിൽക്കാൻ ആഗോള ടെൻഡർ ക്ഷണിച്ചിരുന്നെങ്കിലും കാര്യമായ അപേക്ഷകൾ ലഭിച്ചില്ല. മുമ്പ് റാന്നി ഡി.എഫ്.ഒ ഓഫിസ് അടക്കം വനം വകുപ്പ് ഓഫിസുകളുടെയും എറണാകുളം കലക്ടറേറ്റിലെയും മോട്ടാർ വാഹന വകുപ്പ് ഓഫിസിലെയുമൊക്കെ വൈദ്യുതി കെ.എസ്.ഇ.ബി വിച്ഛേദിച്ചത് ഏറെ വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.