കുറവിലങ്ങാട്: ഒറ്റക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിൽ മാമ്പഴം ചോദിച്ചെത്തി സ്വർണം കവർന്ന കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി മുട്ടം സ്വദേശിയായ അഷ്റഫ് (58), എറണാകുളം സ്വദേശിയായ ലിബിൻ ബെന്നി (35) എന്നിവരെയാണ് കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.
ഉഴവൂർ പെരുന്താനം ഭാഗത്തുള്ള വയോധികയുടെ വീട്ടിലെത്തിയ പ്രതികൾ വീടിന്റെ സിറ്റൗട്ടിൽ ഇരിക്കുകയായിരുന്ന ഇവരോട് മാമ്പഴം ഇരിപ്പുണ്ടോ എന്ന് ചോദിക്കുകയും ഇത് എടുക്കാൻ ഇവര് അകത്തുപോയ സമയം പ്രതികളിൽ ഒരാൾ ഇവരുടെ പിന്നാലെ അകത്തുകടന്ന് ബലംപ്രയോഗിച്ച് കട്ടിലിലേക്ക് തള്ളിയിട്ട് ഇവരുടെ കൈയിൽ കിടന്നിരുന്ന ആറു വളകളും രണ്ടു മോതിരവും ബലമായി ഊരിയെടുത്ത് കടന്നുകളയുകയായിരുന്നു.
പ്രതികളിൽ ഒരാൾ വൃദ്ധയുടെ പുറകെ അകത്തുകയറിയ സമയം കൂടെയുണ്ടായിരുന്ന ആൾ വീടിന്റെ മുൻവശത്ത് സ്കൂട്ടർ സ്റ്റാർട്ട് ആക്കി കാത്തുനിൽക്കുകയായിരുന്നു. വൃദ്ധയുടെ പരാതിയെ തുടർന്ന് കുറവിലങ്ങാട് പൊലീസ് കേസെടുക്കുകയും ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം മോഷ്ടാക്കളെ പിടികൂടുകയായിരുന്നു.
മോഷണമുതൽ വിൽക്കാൻ സഹായിച്ചതിനാലാണ് ലിബിൻ ബെന്നിയെ പിടികൂടിയത്. കൂട്ടുപ്രതിക്കായുള്ള തിരച്ചിൽ ശക്തമാക്കിയതായി പൊലീസ് പറഞ്ഞു. ഇരുവരെയും തൊടുപുഴ ഭാഗത്തുനിന്നാണ് അന്വേഷണസംഘം പിടികൂടിയത്. ലിബിൻ ബെന്നിക്ക് തൊടുപുഴ, പെരുമ്പാവൂർ, മൂവാറ്റുപുഴ എന്നീ സ്റ്റേഷനുകളിലും, അഷറഫിന് തൊടുപുഴ സ്റ്റേഷനിലും കേസുകൾ നിലവിലുണ്ട്.
കുറവിലങ്ങാട് എസ്.എച്ച്.ഒ നിർമ്മൽ ബോസ്, എസ്.ഐ വി. വിദ്യ, റോജിമോൻ, എ.എസ്.ഐ വിനോദ് ബി.പി, സി.പി.ഒമാരായ ഷിജാസ് ഇബ്രാഹിം, പ്രവീൺകുമാർ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.