സ്പെഷല്‍ വോട്ടര്‍മാരുടെ സഹായത്തിന് വിഡിയോ

കോട്ടയം: കോവിഡ് ചികിത്സയിലും ക്വാറൻറീനിലും കഴിയുന്നവര്‍ക്ക് സ്പെഷല്‍ തപാല്‍ വോട്ട് ചെയ്യുന്നത് എങ്ങനെയെന്ന് കൃത്യമായി മനസ്സിലാക്കുന്നതിനായി ജില്ല ​െതരഞ്ഞെടുപ്പ് വിഭാഗം വിഡിയോ പുറത്തിറക്കി. കലക്ടര്‍ എം. അഞ്ജനയുടെ ഫേസ്ബുക്ക് പേജില്‍(www.facebook.com/collectorkottayam) പോസ്​റ്റ്​ ചെയ്തിരിക്കുന്ന വിഡിയോയില്‍ വോട്ടിങ്​ പ്രക്രിയ ഘട്ടംഘട്ടമായി വിശദീകരിച്ചിട്ടുണ്ട്. കോവിഡ് ചികിത്സയിലും ക്വാറൻറീനിലും കഴിയുന്ന അര്‍ഹരായ എല്ലാവര്‍ക്കും വോട്ടുചെയ്യുന്നതിന് അവസരമൊരുക്കുന്നതിന്​ ലക്ഷ്യമിട്ടാണ് വിഡിയോ തയാറാക്കിയതെന്ന് കലക്ടര്‍ പറഞ്ഞു. ജില്ല മാസ് മീഡിയ ഓഫിസര്‍ ഡോമി ജോണാണ് സ്ക്രിപ്റ്റ് ഒരുക്കിയത്.

വിവരങ്ങള്‍ ഒന്നിലധികംതവണ ശേഖരിക്കും

കോട്ടയം: കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ക്കും ക്വാറൻറീനിലുള്ളവര്‍ക്കും തപാല്‍ വോട്ട് ചെയ്യാന്‍ അവസരമൊക്കുന്നതിനുള്ള നടപടി ജില്ലയില്‍ പുരോഗമിക്കുകയാണ്. ഇതിനായി കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന സ്‌പെഷല്‍ സെല്ലില്‍നിന്ന്​ ആരോഗ്യവകുപ്പില്‍നിന്ന്​ അതത് വരണാധികാരികളുടെ ഓഫിസുകളില്‍നിന്ന്​ വോട്ടര്‍മാരെ ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കും.

ചികിത്സയിലും ക്വാറൻറീനിലുമുള്ളവര്‍ തങ്ങളുടെ തദ്ദേശ സ്ഥാപനത്തി​െൻറ പേര്, വാര്‍ഡ്, പോളിങ്​ സ്‌റ്റേഷന്‍, ക്രമനമ്പര്‍, തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ എന്നീ വിവരങ്ങളാണ് നല്‍കേണ്ടത്. ഒരാള്‍ക്കുപോലും വോട്ടുചെയ്യുന്നതിനുള്ള അവസരം നഷ്​ടമാകാതിരിക്കുന്നതിനായാണ് ഈ വിഭാഗത്തിലുള്ളവരെ കണ്ടെത്തുന്നതിനും വിവരശേഖരണത്തിനും വിപുലമായ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് കലക്ടര്‍ എം. അഞ്ജന പറഞ്ഞു.

പരിശീലനം ഇന്ന്

കോട്ടയം: കോവിഡ് ബാധിതര്‍ക്കും ക്വാറൻറീനിലുള്ളവര്‍ക്കും സ്പെഷല്‍ തപാല്‍ വോട്ട് എത്തിച്ച് വോട്ടുചെയ്യുന്നതിന് അവസരമൊരുക്കുന്നതിനായി രൂപവത്​കരിച്ച സ്പെഷല്‍ പോളിങ്​ ടീമിലെ ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടി തിങ്കളാഴ്​ച രാവിലെ 10 മുതല്‍ കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നടക്കും. ജില്ലതല നോഡല്‍ ഓഫിസറായ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനു ജോണ്‍ നേതൃത്വം നല്‍കും. 168 വീതം സ്പെഷല്‍ പോളിങ്​ ഓഫിസര്‍മാരെയും സ്പെഷല്‍ പോളിങ്​ അസിസ്​റ്റൻറുമാരെയും റിസര്‍വ് ജീവനക്കാരെയുമാണ് ഈ വിഭാഗത്തില്‍ നിയമിച്ചിട്ടുള്ളത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.