കോട്ടയം: സംസ്ഥാനവ്യാപകമായി വില്ലേജ് ഓഫിസുകളിൽ വിജിലൻസ് നടത്തിയ മിന്നൽപരിശോധനയിൽ ജില്ലയിലും ക്രമക്കേടുകൾ. പെരുമ്പായിക്കാട്, അയർക്കുന്നം, വടയാർ, ബ്രഹ്മമംഗലം, കുറിച്ചി , എരുമേലി തെക്ക് എന്നിവിടങ്ങളിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. പെരുമ്പായിക്കാട് വില്ലേജ് ഓഫിസിലെ വില്ലേജ് അസിസ്റ്റന്റ് ഗൂഗ്ൾ പേ വഴി കൈക്കൂലി വാങ്ങുന്നതായും കണ്ടെത്തി.
ലൊക്കേഷൻ സെക്ച്, സൈറ്റ് പ്ലാൻ, കൈവശാനുഭവ സർട്ടിഫിക്കറ്റ് എന്നിവ തയാറാക്കി നൽകുന്നതിൽ അപേക്ഷകരിൽനിന്ന് പെരുമ്പായിക്കാട് വില്ലേജ് അസിസ്റ്റന്റ് കൈക്കൂലി വാങ്ങുന്നതായി അപേക്ഷകർ വിജിലൻസ് സംഘത്തെ അറിയിച്ചു. തുടർപരിശോധനയിൽ ഇയാൾ മൂന്നുമാസത്തിൽ കൂടുതൽ പഴക്കമുള്ളത് ഉൾപ്പെടെ 38 അപേക്ഷകളിൽ നടപടി സ്വീകരിക്കാതെ വെച്ചിരിക്കുന്നതായി കണ്ടെത്തി. ഒരു അപേക്ഷകനിൽനിന്ന് ഗൂഗ്ൾ പേവഴി 500 രൂപ കൈക്കൂലി വാങ്ങിയതായും നേരിട്ട് 500 രൂപ വാങ്ങിയതായുള്ള തെളിവും വിജിലൻസ് സംഘത്തിന് ലഭിച്ചു.
പെരുമ്പായിക്കാട് വില്ലേജ് ഓഫിസിൽ ഭൂമി തരംമാറ്റത്തിനുള്ള 25 അപേക്ഷകൾ കെട്ടിക്കിടക്കുന്നതായി കണ്ടെത്തി. ഇതിൽ എട്ട് അപേക്ഷയാ ആറ് മാസത്തിൽ കൂടുതൽ പഴക്കമുള്ളതാണ്. അപേക്ഷകളുടെ സീനിയോറിറ്റി മറികടന്ന് നാല് അപേക്ഷകൾ തീർപ്പ് നടത്തി റിപ്പോർട്ട് സമർപ്പിച്ചതായും കണ്ടെത്തി. ഇതിൽ ക്രമക്കേടുകൾ വിജിലൻസ് സംശയിക്കുന്നുണ്ട്. അയർക്കുന്നം വില്ലേജ് ഓഫിസർക്കെതിരെ പൊതുജനങ്ങൾക്ക് വ്യാപക പരാതിയുണ്ടെന്നും വിജിലിൻസ് പറഞ്ഞു. സമയബന്ധിതമായി അപേക്ഷകളിൽ നടപടി സ്വീകരിക്കുന്നില്ല. റെക്കോഡുകൾ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതെന്നതെന്നും ഇവർ പറഞ്ഞു.
വടയാർ വില്ലേജ് ഓഫിസിലും നിരവധി ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. ബ്രഹ്മമംഗലം, കുറിച്ചി , എരുമേലി തെക്ക് വില്ലേജ് ഓഫിസുകളിലും അപേക്ഷകൾ കെട്ടിക്കിടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.‘ഓപറേഷൻ സുതാര്യത’ എന്ന പേരിൽ സംസ്ഥാന വ്യാപകമായിട്ടായിരുന്നു പരിശോധന. ജില്ലയിൽ ഏഴ് വില്ലേജുകളിലായിരുന്നു റെയ്ഡ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.