കോട്ടയം: വീടിന് അപകട ഭീഷണി ഉയർത്തുന്ന മരം മുറിക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടറേറ്റിനു മുന്നിൽ യുവതിയുടെ ഒറ്റയാൾ സമരം. മേവട അമ്പാട്ടുവയലിൽ പ്രീതി വിശ്വനാഥനാണ് തെൻറ വീടിനു ഭീഷണിയായ പ്ലാവ് മുറിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയത്.
കൊഴുവനാൽ പഞ്ചായത്ത് സെക്രട്ടറി നീതി പാലിക്കുക എന്ന പ്ലക്കാർഡും ഉയർത്തിയിരുന്നു. മൂന്നുമാസം മുമ്പ് അമ്മയും ഏഴുവർഷങ്ങൾക്ക് മുമ്പ് അച്ഛനും മരിച്ച പ്രീതി ഒറ്റക്കാണ് ആസ്ബസ്റ്റോസ് ഷീറ്റിട്ട വീട്ടിൽ താമസിക്കുന്നത്. തയ്യൽ ജോലി ചെയ്താണ് ഉപജീവനം. കേട് ബാധിച്ച മരം വീണാൽ വീട് തകരുമെന്ന് പ്രീതി പറയുന്നു. അയൽക്കാരോട് മരം മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും അവഗണിച്ചു. തുടർന്ന് ആർ.ഡി.ഒക്കും കലക്ടർക്കും പരാതി നൽകി.
പരാതി കൊഴുവനാൽ പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറിയെന്നാണ് ആർ.ഡി.ഒ അറിയിച്ചത്. പഞ്ചായത്ത് സെക്രട്ടറി എതിർകക്ഷിക്ക് നോട്ടീസ് അയച്ചതായും പറയുന്നു. എന്നാൽ, നാലുമാസം കഴിഞ്ഞിട്ടും നടപടിയില്ല. മഴയും കാറ്റും ഉള്ളപ്പോൾ ഭീതിയോടെയാണ് കഴിയുന്നത്. പരാതിക്ക് അടിയന്തര പരിഹാരം കാണണമെന്നാണ് ഇവരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.