അലട്ടാതെ റെഡ്​ അലർട്ട്​

കോഴിക്കോട്​: കനത്തമഴയുടെ സൂചനയായി റെഡ്​ അലർട്ട്​ പ്രഖ്യാപിച്ചെങ്കിലും തിങ്കളാഴ്ച പകൽ ജില്ലയിൽ മഴക്ക്​ ശാന്തത. മഴ കുറയുമെന്ന്​ വ്യക്തമായതോടെ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജില്ലയിലെ റെഡ്​ അലർട്ട്​ ഉച്ചക്ക്​ ഒരു മണിക്ക്​ ഓറഞ്ച്​ അലർട്ടായി ലഘൂകരിക്കുകയായിരുന്നു. സംസ്ഥാനത്ത്​ അഞ്ച്​ ജില്ലകളിലായിരുന്നു തിങ്കളാഴ്ച റെഡ്​ അലർട്ട്​ പ്രഖ്യാപിച്ചത്​. വരുന്ന രണ്ടു​ ദിവസങ്ങളിൽ ഓറഞ്ച്​ അലർട്ടാണെന്നാണ്​ തിങ്കളാഴ്ച വൈകീട്ടുള്ള അറിയിപ്പ്​. ഞായറാഴ്ച രാവിലെ മുതൽ തിങ്കളാഴ്ച രാവിലെവരെ പെയ്ത മഴയുടെ അളവ്​ താരത​മ്യേന കുറവാണെന്നാണ്​ കണക്കുകൾ സൂചിപ്പിക്കുന്നത്​. കൊയിലാണ്ടിയിൽ 21 മില്ലീമീറ്റർ മഴ ലഭിച്ചതൊഴിച്ചാൽ മറ്റിടങ്ങളിൽ കനത്ത്​ പെയ്തിരുന്നില്ല. കോഴിക്കോട്​ 1.3ഉം വടകരയിൽ ആറും മില്ലീമീറ്റർ മാത്രമാണ്​ ലഭിച്ചത്​. പെരുവണ്ണാമൂഴിയിലെ മഴമാപിനിയിൽ 1.5 മില്ലീമീറ്ററാണ്​ രേഖപ്പെടുത്തിയത്​. ഈ മാസം അഞ്ച്​ മുതൽ 11വരെയുള്ള ആഴ്ചയിൽ 119 ശതമാനം അധികം മഴയാണ്​ കിട്ടിയത്​. 39.8 മില്ലീമീറ്ററാണ്​ സാധാരണയായുള്ള മഴ. എന്നാൽ, പെയ്തത്​ 87.4 മില്ലീമീറ്ററാണ്​. ഇത്തവണ മൊത്തം വേനൽമഴയുടെ കണക്കിലും ജില്ലയിൽ കാര്യമായി കിട്ടി. പ്രതീക്ഷിച്ചത്​ 158.5 മില്ലീമീറ്ററായിരുന്നെങ്കിൽ പെയ്തത്​ 277.4 മില്ലീമിറ്ററാണ്​. വരൾച്ചക്കും കുടിവെള്ളക്ഷാമത്തിനും ചിലയിടങ്ങളിലെങ്കിലും പരിഹാരമുണ്ടാക്കാൻ ഈ വേനൽക്കാലത്ത്​ കഴിഞ്ഞു. മാർച്ച്​, ഏപ്രിൽ, മേയ്​ മാസങ്ങളിൽ ജില്ലയിൽ ഉയർന്ന പ്രദേശങ്ങളിലും മറ്റും കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന സമയമായിരുന്നു. എന്നാൽ, തദ്ദേശസ്ഥാപനങ്ങളും റവന്യൂവകുപ്പും ചേർന്ന്​ കുടി​വെള്ളം വിതരണം ​ചെയ്യുന്നതായിരുന്നു പതിവ്​. ഇത്തവണ ഒരുക്കം നടത്തിയെങ്കിലും കുറച്ച്​ തദ്ദേശസ്ഥാപനങ്ങളിൽ മാത്രമാണ്​ കുടി​വെള്ള വിതരണം നടത്തിയത്​. ഏപ്രിലിലെ വേനൽമഴയിലും കാറ്റിലും വ്യാപകമായ കൃഷിനാശമുണ്ടായി. മേയിൽ വലിയ നാശനഷ്ടമില്ലെന്ന്​ ജില്ല കൃഷിവകു​പ്പ്​ അധികൃതർ പറഞ്ഞു. ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കഴിഞ്ഞദിവസം ദുരന്തനിവാരണ സമിതി അവലോകനയോഗം ചേർന്നിരുന്നു. ഓറഞ്ച് ബുക്ക് പ്രകാരമുള്ള മുഴുവൻ തയാറെടുപ്പുകളും നടത്താൻ പൊലീസിനും അഗ്നിരക്ഷാസേനക്കും തഹസിൽദാർക്കും കലക്ടർ നിർദേശം നൽകിയിരുന്നു. രക്ഷാപ്രവർത്തനത്തിനായി എൻ.ഡി.ആർ.എഫിന്‍റെ ബറ്റാലിയൻ ചൊവ്വാഴ്ച ജില്ലയിൽ എത്തി മുന്നൊരുക്കങ്ങൾ വിലയിരുത്തും. ജില്ലയിൽ അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന 900 ഓളം കുടുംബങ്ങളെ കണ്ടെത്തിയിട്ടുണ്ട്​. ഈ കുടുംബങ്ങൾക്ക് അടിയന്തരഘട്ടങ്ങളിൽ കൃത്യമായ മാർഗനിർദേശങ്ങൾ കാലതാമസം കൂടാതെ നൽകണമെന്ന് തഹസിൽദാർമാർക്ക് നിർദേശം നൽകിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.