കോഴിക്കോട്: റോഡുകളിൽ എ.ഐ കാമറകൾ സ്ഥാപിച്ച് വർഷം പൂർത്തിയാകുമ്പോൾ ജില്ലയിൽ പിഴയിനത്തിൽ ഈടാക്കിയത് 11.70 കോടി രൂപ. 2023 ജൂൺ മുതൽ 2024 ജൂലൈ ഒമ്പതുവരെ 6,41,700 ഗതാഗത നിയമലംഘനം കണ്ടെത്തിയതിൽനിന്നാണ് ഇത്രയും പിഴസംഖ്യ. പലയിടങ്ങളിലായി സ്ഥാപിച്ച 63 കാമറകൾ പരിശോധിച്ച ശേഷമാണ് ഇത്രയും ലംഘനം റിപ്പോർട്ട് ചെയ്തത്.
നോട്ടീസ് കൈപ്പറ്റിയവർ പിഴയടക്കാനെത്തുന്നത് കുറവാണെകിലും കാമറ വന്നതോടെ നിയമലംഘനങ്ങളില്‍ കുറവ് വന്നതായാണ് വിലയിരുത്തൽ. 2023 ജൂണില്‍ ഹെല്‍മറ്റ് ധരിക്കാത്തതിന് 24,531 നോട്ടീസ് അയച്ചിരുന്നു. എന്നാൽ, 2024 ജൂണില്‍ ഇത് 12,592 ആയി കുറഞ്ഞു. ഹെൽമറ്റില്ലാത്ത യാത്രകൾ, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോണിൽ സംസാരിക്കൽ, ഡ്രൈവറും മുൻസീറ്റിലുള്ളയാളും സീറ്റ് ബെൽറ്റ് ഇടാതിരിക്കൽ, അമിതവേഗം തുടങ്ങിയവക്കെല്ലാം എ.ഐ കാമറ വഴി പിഴയിടുന്നുണ്ട്. കാമറ കണ്ടെത്തുന്ന നിയമലംഘനം ചേവായൂർ കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥസംഘം പരിശോധിച്ചശേഷമാണ് നോട്ടീസ് തയാറാക്കുന്നത്.
നിയമലംഘനത്തിന്റെ സാങ്കേതിക വശങ്ങൾ, നമ്പർ പ്ലേറ്റ് മങ്ങുന്ന പ്രശ്നം തുടങ്ങിയവ പരിശോധിക്കും. ഇതിൽ സംശയമുള്ളവ മാറ്റിവെക്കും. നോട്ടീസ് കൈപ്പറ്റിയവര്‍ ഓൺലൈനായാണ് പണമടക്കുന്നത്. ചേവായൂരിൽ ഓഫിസിലെത്തിയും പണമടക്കുന്നവരുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എ.ഐ കാമറക്ക് പുറമെ മോട്ടോർ വാഹനവകുപ്പിന്റെ നേതൃത്വത്തിൽ സ്ക്വാഡും പരിശോധന നടത്തുന്നുണ്ട്. ഇന്‍ഷുറൻസ്, മലിനീകരണ സര്‍ട്ടിഫിക്കറ്റ്, എയര്‍ഹോണ്‍, ഓവര്‍ ലോഡ്, വാഹനങ്ങളുടെ രൂപം മാറ്റൽ എന്നിവയൊക്കെ ഈ പരിശോധനയിലാണ് കണ്ടെത്തുന്നത്. മഴയിലും കാമറകൾ സുഗമമായി പ്രവർത്തിക്കുന്നതായാണ് വിലയിരുത്തൽ. കാമറയിൽ പതിയുന്ന കുറ്റങ്ങൾ വാഹന ഉടമ വീണ്ടും ആവര്‍ത്തിച്ചാല്‍ ഇരട്ടിപിഴ ഈടാക്കാനും വ്യവസ്ഥയുണ്ട്. ഒരേ നിയമലംഘനം വീണ്ടും ആവർത്തിച്ചാൽ ഇരട്ടി പിഴ ഈടാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.