മോഡൽ മരിച്ച സംഭവം; ശാസ്ത്രീയ പരിശോധന വിഭാഗം തെളിവെടുത്തു

കോഴിക്കോട്: മോഡലും നടിയുമായ യുവതി മരിച്ച സംഭവത്തിൽ താമസകേ​ന്ദ്രത്തിൽ ശാസ്ത്രീയ പരിശോധന വിഭാഗം തെളിവെടുത്തു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി കാസർകോട് ചെറുവത്തൂർ സ്വദേശി ചമ്പ്രാംകാല ഷഹാന (21) പറമ്പിൽ ബസാറിനടുത്ത് വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് സയന്‍റിഫിക് ​ ഓഫിസർ കെ.എസ്. ​ശ്രുതിലേഖയുടെ നേതൃത്വത്തിൽ തെളിവെടുത്തത്​. തിങ്കളാഴ്ച രാവിലെ 10.30ഓടെ കേസ്​ അന്വേഷിക്കുന്ന മെഡിക്കൽ കോളജ്​ അസി.കമീഷണർ കെ. സുദർശൻ, ചേവായൂർ എസ്​.ഐ ഡി. ഷബീബ്​ റഹ്​മാൻ എന്നിവരുടെ സാന്നിധ്യത്തിലാണ്​ പരിശോധന നടത്തി തെളിവെടുത്തത്​. ഷഹാന തൂങ്ങികിടന്ന കയർ, മുറിയിലെ മറ്റ്​ വസ്തുക്കൾ എന്നിവയുൾപ്പെടെ വീണ്ടും പരിശോധിച്ചു. വെള്ളിയാഴ്ച രാവിലെ തന്നെ പൊലീസും ശാസ്ത്രീയ പരിശോധന വിഭാഗവും തെളിവെടുത്തിരുന്നെങ്കിലും പോസ്റ്റു​മോർട്ടത്തിനുശേഷം ​ഡോക്ടർമാരുടെ പ്രാഥമിക നിഗമനത്തി‍ൻെറ അടിസ്ഥാനത്തിലാണ്​ കൂടുതൽ അന്വേഷണത്തിന്​ സംഘം എത്തിയത്​. ഭർത്താവ് കക്കോടി മക്കട അയ്യപ്പൻ കണ്ടി സജ്ജാദ്​ (32) മയക്കുമരുന്ന്​ ഉപയോഗിക്കുന്ന ആളാണെന്ന്​ തെളിവു ലഭിച്ചതി‍ൻെറ അടിസ്ഥാനത്തിൽ വീട്ടിൽ ലഹരിവസ്തുക്കൾ സൂക്ഷിച്ചിട്ടുണ്ടോയെന്ന്​ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായിട്ടില്ല. ചെറിയ തൂക്കു മെഷീൻ കണ്ടെത്തി​. പുകവലിക്കാൻ ഉപയോഗിക്കുന്ന ചെറിയ കൂടും കണ്ടെത്തിയിരുന്നു. പ്രമുഖ ഭക്ഷണ വിതരണ കമ്പനിയുടെ ഏജന്‍റായി പ്രവർത്തിക്കുന്ന സജാദ്​ മയക്കുമരുന്നുകൾ വിൽപന നടത്തിയിരുന്നതായി വിവരം ലഭിച്ചതി‍ൻെറ അടിസ്ഥാനത്തിൽ സജാദിൽനിന്ന്​ വാങ്ങി ഉപയോഗിച്ചിരുന്നവരിൽനിന്ന്​ തെളിവെടുത്തിട്ടുണ്ട്​. ഷഹാനയുടെ മരണവുമായി ബന്ധപ്പെട്ട്​ ആത്​മഹത്യ പ്രേരണകുറ്റമുൾപ്പെടെയുള്ള വകുപ്പുകൾ ചേർത്തി സജാദിനെതിരെ കേസെടുത്തതിനാൽ കഴിഞ്ഞ ദിവസം കോടതി റിമാൻഡ് ചെയ്തിരുന്നു​. മരണദിവസം രാത്രി ഇരുവരും കലഹിക്കുകയും തുടർന്ന്​ ഷഹാന മുറിയിൽ കയറി വാതിലടച്ച്​ ആത്​മഹത്യ ചെയ്​തെന്നാണ്​ ഇയാൾ​ മൊഴി നൽകിയത്​. അവയവങ്ങളുടെ രാസ പരിശോധനയും പോസ്റ്റ്മോർട്ടം റിപ്പോർട്ടും ലഭിച്ചാൽ കൂടുതൽ അന്വേഷണം നടത്തുമെന്ന്​ അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. ഷഹാനയുടേത് ആത്​മഹത്യയാണെന്നാണ്​​ പോസ്​റ്റ്​മോർട്ടം ചെയ്ത ഡോക്ടർമാരുടെ പ്രാഥമിക നിഗമനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.