തച്ചങ്കരിക്കെതിരായ കേസിൽ ഒരുമാസം കൂടി സമയംതേടി വിജിലൻസ്

കോഴിക്കോട്: നഗരത്തിൽ 40 കോടി വിലയുള്ള വ്യാപാരസമുച്ചയം തുച്ഛമായ തുകക്ക് ലേലത്തിൽ വിട്ടുകൊടുത്തെന്ന കേസിൽ കെ.എഫ്.സി മുൻ മാനേജിങ് ഡയറക്ടറായ ഡി.ജി.പി ടോമിന്‍ ജെ. തച്ചങ്കരിക്കെതിരായ പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കോടതിയിൽ സമര്‍പ്പിക്കാന്‍ വിജിലന്‍സ് ഒരുമാസംകൂടി സമയം ആവശ്യപ്പെട്ടു. കോഴിക്കോട് വിജിലന്‍സ് പ്രത്യേക കോടതിയിലാണ് വിജിലന്‍സ് യൂനിറ്റ് ഇന്‍സ്‌പെക്ടര്‍ മനോജ് അപേക്ഷ നല്‍കിയത്. അന്വേഷണം അവസാനഘട്ടത്തിലാണെന്നും സാക്ഷികളുടെ മൊഴി രേഖപ്പെടുത്താനും പരാതിക്കാര്‍ സമര്‍പ്പിച്ച രേഖകള്‍ വിദഗ്ധരുടെ സഹായത്തോടെ പരിശോധിക്കാനുമുണ്ടെന്ന് അപേക്ഷയില്‍ പറയുന്നു. കേസില്‍ എതിര്‍കക്ഷികളിൽ മിക്കവരുടെയും മൊഴി രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടിലുണ്ട്. എന്നാൽ, തച്ചങ്കരിയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. കോഴിക്കോട് മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിന് സമീപം പേള്‍ഹില്‍ ബില്‍ഡേഴ്‌സിന്റെ 40 കോടി മൂല്യമുള്ള കെട്ടിടം വായ്പ കുടിശ്ശികയായതിനെ തുടര്‍ന്ന് കേരള ഫിനാന്‍സ് കോര്‍പറേഷന്‍ 9.18 കോടിക്ക് ലേലത്തില്‍ വിൽക്കുകയായിരുന്നു. സംഭവത്തിൽ ബില്‍ഡേഴ്‌സ് മാനേജിങ് ഡയറക്ടര്‍ പി.പി. അബ്ദുല്‍നാസര്‍ അഡ്വ. ഡി. മോഹൻദാസ് മുഖേന നല്‍കിയ പരാതിയില്‍ കോഴിക്കോട് വിജിലന്‍സ് കോടതി പ്രാഥമികാന്വേഷണം നടത്താന്‍ ഉത്തരവിട്ടിരുന്നു. കേസ് വീണ്ടും ജൂൺ 16ന് പരിഗണിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.