അരിവാൾ രോഗം: നിർധന കുട്ടികൾക്ക് സൗജന്യ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തുമെന്ന് മിംസ്

കോഴിക്കോട്: അരിവാൾ രോഗം ബാധിച്ച നിർധനരായ 14 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ആവശ്യമെങ്കിൽ സൗജന്യമായി മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തുമെന്ന് മിംസ് ആശുപത്രി അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സമാന മനസ്കരായ മറ്റ് സംഘടനകളും വ്യക്തികളുമായി സഹകരിച്ചാണ് ഇത് ചെയ്യുന്നത്. കേരളത്തിൽ വയനാട്, അട്ടപ്പാടി എന്നിവിടങ്ങളിലെ ആദിവാസി ഊരുകളിലാണ് അരിവാൾ രോഗം വ്യാപകമായി കാണപ്പെടുന്നത്. അരിവാൾ രോഗം ബാധിച്ച എല്ലാ രോഗികളിലും മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ പരിഹാരമാകില്ലെങ്കിലും ചിലർക്ക് ഇതുമൂലം പൂർണമായ രോഗമുക്തി ഉണ്ടാകാറുണ്ട്. എന്നാൽ, ആദിവാസി വിഭാഗങ്ങളിൽപെട്ടവർക്ക് താങ്ങാൻ കഴിയുന്നതിൽ കൂടുതലാണ് ഇതിന് വേണ്ടിവരുന്ന ചെലവ്. 12 മുതൽ 15 ലക്ഷം രൂപവരെ ചെലവുവരുന്ന മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്താൻ പല കുടുംബങ്ങൾക്കും കഴിയാറില്ല. ഉഗാണ്ടൻ സ്വദേശിയായ രണ്ടുവയസ്സുകാരന് മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തി സിക്ക്ൾ സെൽ അനീമിയയിൽ മുക്തിനേടാൻ കഴിഞ്ഞുവെന്നും മിംസ് ഓങ്കോളജി വിഭാഗം തലവൻ ഡോ. കെ.വി. ഗംഗാധരൻ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.