ആരോഗ്യ പരിചരണം: ട്രാൻസ്​ജെൻഡറുകൾക്ക്​​ ​ കരുതലുമായി ഒരുകൂട്ടം ഡോക്ടർമാർ

കോഴിക്കോട്​: ആരോഗ്യകാര്യത്തിൽ കരുതലുമായി ഒരുകൂട്ടം ഡോക്ടർമാരും ട്രാൻസ്​ജെൻഡറുകളും ഒന്നിക്കുന്നു. ട്രാൻസ്​ജെൻഡേഴ്​സടക്കമുള്ള ക്വീർ സമൂഹത്തിന്‍റെ ആരോഗ്യപരിചരണത്തിൽ പല പരാതികളുമുയരുന്ന സന്ദർഭത്തിലാണ്​ 'പ്രൈഡ്​ ഇൻ പ്രാക്ടിസ്​ സൊസൈറ്റി' എന്നപേരിൽ കൂട്ടായ്മയുണ്ടാക്കിയതെന്ന്​ സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വിവേചനമില്ലാതെ എല്ലാ മനുഷ്യർക്കും ചികിത്സയും മറ്റും എത്തിക്കുകയെന്ന ഡോക്ടർമാരുടെ പ്രാഥമിക കർത്തവ്യമാണ്​ നിറവേറ്റുന്നതെന്ന്​ ചേവായൂർ ഗവ. ചർമരോഗാശുപത്രിയിലെ ഡോ. പ്രത്യുഷ പറഞ്ഞു. സർക്കാർതന്നെ സമഗ്ര ആരോഗ്യ പദ്ധതി തയാറാക്കണമെന്നാണ്​ ​സൊസൈറ്റിയുടെ പ്രധാന ആവശ്യം. നിലവിൽ ലിംഗമാറ്റ ശസ്ത്രക്രിയകൾ സ്വകാര്യ ആശുപത്രികളിലാണ്​ നടത്തുന്നത്​. സർക്കാർ സഹായം പിന്നീട്​ നൽകുകയാണ്​ പതിവ്​. എന്നാൽ, സ്വകാര്യ ആശുപത്രികളിലെ ചികിത്സക്കിടെ ട്രാൻസ്​ സമൂഹത്തിലെ പലർക്കും ജീവൻ നഷ്ടമാകുന്ന സ്ഥിതിയുണ്ടായിരുന്നു. വിദേശരാജ്യങ്ങളിലടക്കം കൃത്യമായ പ്രോട്ടോക്കോളുകൾ പാലിക്കുന്നുണ്ടെങ്കിലും ഇന്ത്യയിൽ സ്ഥിതി ദയനീയമാണെന്ന്​ സംഘാടകർ പറഞ്ഞു. സൊസൈറ്റിയു​ടെ കീഴിൽ ഡോക്ടർമാർക്കായി അന്താരാഷ്ട്ര കോർ ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചിരുന്നു. തുടർനടപടിയെന്ന നിലയിൽ ശിൽപശാലകൾ സംഘടിപ്പിക്കും. കോഴിക്കോട്​, വയനാട്​ ജില്ലകളിലെ ട്രാൻസ്​ജെൻഡേഴ്​സിനും ഡോക്ടർമാർക്കുമുള്ള ശിൽപശാല ചൊവ്വാഴ്​ച രാവിലെ പത്തിന്​ വെള്ളിമാടുകുന്ന്​ ജെൻഡർപാർക്കിൽ നടക്കും. . 'പ്രൈഡ്​ ഇൻ പ്രാക്ടിസ്​ സൊസൈറ്റി'യുടെ ഔദ്യോഗിക ലോഞ്ചിങ്ങും ലോ​ഗോ പ്രകാശനവും ചടങ്ങിലുണ്ടാകും. ഡോ. പി.സി അർജുൻ, സഞ്ജന ചന്ദ്രൻ, ഹയാൻ രമേഷ്​ എന്നിവരും വാർത്തസമ്മേളനത്തിൽ പ​​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.