റേഷൻകട നടത്തിപ്പിനായി പുതിയ വിജ്ഞാപനം: നിലവിൽ കട നടത്തുന്നവരെ ഒഴിവാക്കാനുള്ള നീക്കം ഉപേക്ഷിക്കണം

വടകര: സംസ്ഥാന സർക്കാറിന്റെ പുതിയ വിജ്ഞാപന പ്രകാരം താലൂക്കിലെ 13 റേഷൻകടകൾ നടത്താൻ പുതിയ അപേക്ഷ ക്ഷണിച്ച താലൂക്ക് സപ്ലൈ ഓഫിസറുടെ നടപടി പിൻവലിക്കണമെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. 13 കടകളും നടത്തിവരുന്ന സെയിൽസ്മാന്മാരെ സ്ഥിരപ്പെടുത്തി ഇവരുടെ പേരിൽ ലൈസൻസ് അനുവദിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. കോവിഡ് കാലഘട്ടങ്ങളിലടക്കം പത്തും ഇരുപതും വർഷങ്ങളായി നല്ല നിലയിൽ റേഷൻകട നടത്തിവരുന്ന സെയിൽസ്മാന്മാരെയാണ് ഒഴിവാക്കാനുള്ള നീക്കം നടക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. നേരത്തേ റേഷൻകടകൾ നടത്താൻ കഴിയാതെ മാനേജർമാർ വിട്ടുപോയ സമയത്ത് നഷ്ടം സഹിച്ച് കട നില നിർത്തിയ റേഷൻകടകളാണ് പുതിയ റേഷൻകടകൾ എന്ന നിലയിൽ പട്ടികജാതി വിഭാഗങ്ങൾക്കും മറ്റു വിഭാഗങ്ങൾക്കുമായി നീക്കിവെച്ച് പുതിയ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വർഷങ്ങളായി റേഷൻകടയിൽ ജോലി ചെയ്ത സെയിൽസ്മാന്മാർക്ക് മറ്റു ജോലിസാധ്യത നിലവിലില്ലാത്തതിനാൽ ഇവരുടെ കുടുംബം പട്ടിണിയിലേക്ക് തള്ളപ്പെടുന്ന അവസ്ഥയാണുള്ളതെന്നും ഇക്കാര്യത്തിൽ സർക്കാർ നടപടി സ്വീകരിക്കാത്തപക്ഷം നിയമ നടപടിക്കൊരുങ്ങുമെന്നും നേതാക്കൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡന്റ് ടി. മോഹനൻ, സെക്രട്ടറി കെ.പി. ബാബു, വി.ടി. നാണു, കെ. ശ്രീജ, ടി.വി. ജിതേഷ്, കെ.സി. മണി, ഇ. മുകുന്ദൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.