കൂളിമാട് പാലം: തകർന്ന ബീം നിർമാണം ഉടൻ പുനരാരംഭിക്കേണ്ടെന്ന് നിർദേശം

കൂളിമാട്: നിർമാണത്തിനിടെ തകർന്ന കൂളിമാട് പാലത്തിന്റെ ബീമുകൾ ഉടൻ നീക്കാനാവില്ല. ബീം നീക്കംചെയ്ത് ഈ ഭാഗത്ത് നിർമാണം പുനരാരംഭിക്കാൻ ഉദ്ദേശിച്ചിരുന്നെങ്കിലും തൽക്കാലം വേണ്ടെന്ന നിർദേശം നൽകിയതിനാലാണിത്. ബീം നീക്കം ചെയ്യുന്നതിനായി രണ്ടുദിവസം മുമ്പ് ക്രെയിനുകൾ സ്ഥലത്തെത്തിക്കുകയും സ്ഥലത്ത് സജ്ജീകരിക്കുകയും ചെയ്തിരുന്നു. സർക്കാറിൽനിന്നുള്ള അനുമതി ലഭിച്ചാലുടൻ ബീം നീക്കിത്തുടങ്ങുമെന്ന് അറിയിച്ചിരുന്നു. എന്നാൽ, ബീം തകർച്ചയുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നതിനുമുമ്പ് പാലത്തിന്റെ പ്രവൃത്തി പുനരാരംഭിക്കേണ്ടതില്ലെന്ന് ഉന്നത നിർദേശം നൽകുകയായിരുന്നു. ഇക്കാര്യം മന്ത്രി പി.എ. മുഹമ്മദ് റിയാസ് വെള്ളിയാഴ്ച തൃക്കാക്കരയിൽ മാധ്യമപ്രവർത്തകരോടാണ് വ്യക്തമാക്കിയത്. പൊതുമരാമത്ത് വകുപ്പിന്റെ ആഭ്യന്തര വിജിലൻസ് സംഘം സംഭവം അന്വേഷിക്കുകയാണെന്നും നിർമാണത്തിന്റെ സാങ്കേതിക വശം ഉൾപ്പെടെ എല്ലാം വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. റിപ്പോർട്ട് വന്നതിനുശേഷം മാത്രമാണ് പണി പുനരാരംഭിക്കേണ്ടത്. ഇക്കാര്യം തുടക്കത്തിലേ വ്യക്തമാക്കിയിരുന്നു. തകർന്ന ബീം മാറ്റുന്നതുൾപ്പെടെ അന്വേഷണ റിപ്പോർട്ട് വന്നശേഷം മതി. ഇതുസംബന്ധിച്ച് പി.ഡബ്ല്യൂ.ഡി ചീഫ് എൻജിനീയർക്ക് പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. പാലത്തിന്റെ തകർച്ച സംബന്ധിച്ച് കെ.ആർ.എഫ്.ബിയുടെ പ്രാഥമിക റിപ്പോർട്ട് കിട്ടിയിരുന്നു. എക്സിക്യൂട്ടിവ് എൻജിനീയറാണ് അത് സമർപ്പിച്ചത്. എന്നാൽ, അതു മാത്രം അംഗീകരിച്ച് പോവുകയല്ല ചെയ്തത്. വിപുലീകരിച്ച് ആഭ്യന്തര വിജിലൻസ് സംഘത്തെ ഏൽപിക്കുകയാണ് ചെയ്തതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.