കോഴിക്കോട്: കോഴിക്കോട് ഗവ. ജനറൽ (ബീച്ച്) ആശുപത്രിയിലെ കാത്ത് ലാബ് പ്രവർത്തനം മുടങ്ങി അഞ്ച് മാസം പിന്നിട്ടിട്ടും തുറന്നു പ്രവർത്തിപ്പിക്കാത്തത് പ്രതിഷേധത്തിന് ഇടയാക്കുന്നു. ഹൃദ്രോഗികൾക്ക് ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി എന്നിവ ചെയ്യുന്നതിന് സ്റ്റെൻഡും അനുബന്ധ ഉപകരണങ്ങളും നൽകിയ വകയിൽ വിതരണക്കാർക്ക് നൽകാനുള്ള കുടിശ്ശിക കൊടുത്തുതീർക്കാത്തതാണ് അടച്ചിടാനിടയാക്കിയത്.
സ്റ്റെൻഡും സാധനങ്ങളും വാങ്ങിയ ഇനത്തിൽ ഇനിയും രണ്ടര കോടിയോളം രൂപ വിതരണക്കാർക്ക് നൽകാനുണ്ട്. കുടിശ്ശിക മൂന്നു കോടി കഴിഞ്ഞതോടെ ഏപ്രിൽ ഒന്നു മുതലാണ് വിതരണം നിർത്തിയത്. ഇതിൽ 75 ലക്ഷം രൂപ നൽകി. മാസത്തിൽ ഒന്നോ രണ്ടോ ആൻജിയോ ഗ്രാം നടത്തിയിരുന്നെങ്കിലും കഴിഞ്ഞ അഞ്ച് മുതൽ കാത്ത് ലാബ് പ്രവർത്തനം പൂർണമായും നിർത്തി. ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് ഹൃദ്രോഗ വിഭാഗം ഒ.പി പ്രവർത്തിക്കുന്നത്. ആൻജിയോഗ്രാം ചെയ്യാനായി നൂറിലേറെ പേരാണ് കാത്തിരിക്കുന്നത്. ഇപ്പോൾ തീയതി കൊടുക്കലും നിർത്തി. ഇവിടെ കാത്ത് ലാബിന്റെ കണക്കുകൾ നോക്കാൻ ഒരാളുണ്ടെങ്കിലും ഫണ്ട് വിനിയോഗത്തിൽ പ്രത്യേകം അക്കൗണ്ടില്ല. അതിനാൽ പണമടച്ച് ഒരാൾ ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി ചെയ്താലും ആശുപത്രിയുടെ പൊതുവായ അക്കൗണ്ടിലേക്കാണ് പണം പോകുന്നത്. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി പ്രകാരം ഹൃദ്രോഗചികിത്സ നടത്തിയ വകയിൽ സർക്കാറിൽനിന്ന് തുക ലഭിക്കാത്തതിനാലാണ് വിതരണക്കാർക്ക് തുക നൽകാത്തതെന്നാണ് ആശുപത്രി അധികൃതരുടെ വാദം.
മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ പാവപ്പെട്ടവരുടെ ആശ്രയമാണ് ബീച്ച് ആശുപത്രിയിലെ കാത്ത് ലാബ്. ഇത് മുടക്കമില്ലാതെ പ്രവർത്തിപ്പിക്കാൻ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് നോർത്ത് നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി കലക്ടർക്ക് നിവേദനം നൽകി. മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സഫറി വെള്ളയിലാണ് ജില്ല കലക്ടർക്ക് നിവേദനം നൽകിയത്. പ്രശ്നം പരിഹരിക്കാത്തപക്ഷം ബഹുജന മാർച്ച് ഉൾപ്പെടെ സംഘടിപ്പിക്കുമെന്ന് കമ്മിറ്റി അറിയിച്ചു. നവാസ് മൂഴിക്കൽ, യൂത്ത് ലീഗ് നേതാക്കളായ റിഷാദ് പുതിയങ്ങാടി, ഷൗക്കത്ത് മൂഴിക്കൽ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.