തിരുവള്ളൂരിന്റെ ജൈവസംരക്ഷണത്തിന് ജൈവചത്വരം ഒരുങ്ങുന്നു

തിരുവള്ളൂർ: തിരുവള്ളൂർ ഗ്രാമ പഞ്ചായത്തിലെ ജൈവ സന്തുലിതാവസ്ഥ സംരക്ഷിക്കാൻ ഗ്രാമ പഞ്ചായത്ത് നേതൃത്വത്തിൽ ജൈവചത്വരം പരിപാടിക്ക് പരിസ്ഥിതിദിനത്തിൽ തുടക്കമാകും. പഞ്ചവനം, ഹരിതതീരം, പച്ചൊപ്പ്, ദശവൃക്ഷം എന്നീ നാല് ഉപപദ്ധതികൾ ഉൾക്കൊള്ളുന്നതാണ് ജൈവചത്വരം. പഞ്ചവനത്തിൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലെ പൊതു സ്വകാര്യ ഭൂമികളിലും വിദ്യാലയ, ആരാധനാലയ ഭൂമികളിലും അക്ഷരവനം, പൂവനം, പഴവനം, ഔഷധവനം, നക്ഷത്രവനം എന്നിവ നിർമിക്കും. കുറ്റ്യാടി പുഴ തീരവും വടകര-മാഹി കനാൽ തീരവും മുളയും കയർ ഭൂവസ്ത്രം വിരിച്ച് രാമച്ചം വെച്ചുപിടിപ്പിച്ച് ഹരിതതീരം നടപ്പാക്കും. തിരുവള്ളൂരിലെ തുരുത്തി ഉൾപ്പെടെയുള്ള ജൈവകലവറക്ക് സംരക്ഷണത്തിന്റെ ജനകീയ സാക്ഷ്യപത്രം നൽകുന്നതാണ് പച്ചൊപ്പ്. തൊഴിലുറപ്പ് വഴി പത്തു തരം ഫലവൃക്ഷങ്ങളുടെ നൂറുകണക്കിന് തൈകൾ വീടുകളിൽ നട്ടുപരിപാലിച്ച് വളർത്തിയെടുക്കുന്നതാണ് ദശവൃക്ഷം പദ്ധതി ലക്ഷ്യമിടുന്നത്. ജില്ലയിൽ ഏറ്റവും വലിയ ജൈവവൈവിധ്യ സഞ്ചയമുള്ള തിരുവള്ളൂരിന്റെ പ്രകൃതി സന്തുലിതാവസ്ഥ തനിമയോടെ നിലനിർത്താനുള്ള പദ്ധതിയുടെ ഉദ്ഘാടനം ജൂൺ അഞ്ചിന് രാവിലെ 10ന് വള്ള്യാട് ഈസ്റ്റ് എൽ.പി സ്കൂളിൽ മഹാദേവട്രസ്റ്റ് ചെയർമാൻ ടി. ശ്രീനിവാസൻ നിർവഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.