ജംഷിദിന്‍റെ ദുരൂഹ മരണം; സമഗ്രാന്വേഷണത്തിന്​ നിയമനടപടിക്കൊരുങ്ങി ആക്ഷൻ കൗൺസിൽ

കൂരാച്ചുണ്ട്: കർണാടകയിലെ മാണ്ഡ്യ റെയിൽവേ പാളത്തിൽ മരിച്ച നിലയിൽ കാണപ്പെട്ട കൂരാച്ചുണ്ട് വട്ടച്ചിറയിലെ ജംഷിദിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ മരണത്തിൽ ദുരൂഹ വർധിച്ചു. തലക്കും നെഞ്ചിനുമേറ്റ പരിക്കാണ് മരണകാരണമായി പറയുന്നത്. കൈക്കും കാലിലും മരണത്തിനുമുമ്പ് മുറിവുകൾ ഉള്ളതായും പറയുന്നു. ട്രെയിൻ തട്ടി മരിച്ചതാണെന്ന് റിപ്പോർട്ടിൽ എവിടെയും പരാമർശമില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ, സമഗ്രമായ അന്വേഷണത്തിന് നിയമനടപടിയെക്കുറിച്ച് ആലോചിക്കുകയാണ് ആക്ഷൻ കൗൺസിൽ. കർണാടക പൊലീസാണ് കേസ് അന്വേഷിക്കുന്നത്. ജംഷിദിന്റെ ബന്ധുക്കളോട് മൊഴി രേഖപ്പെടുത്താൻ കർണാടകയിലേക്ക് എത്താൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശത്തുനിന്നും അടുത്തിടെ വന്ന ജംഷിദ് മൂന്ന് സുഹൃത്തുക്കൾക്കൊപ്പം കഴിഞ്ഞ മാസം 11ന് വിനോദയാത്ര പോയതായിരുന്നു. വാഹനത്തിൽനിന്നും കാണാതായ ജംഷിദിനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്നായിരുന്നു സുഹൃത്തുക്കൾ പറഞ്ഞത്. കഴിഞ്ഞ മാസം 11നാണ് മാണ്ഡ്യയിലെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ആദ്യം മുതൽ ബന്ധുക്കളും നാട്ടുകാരും ദുരൂഹത ആരോപിച്ചിരുന്നു. മരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് കൂരാച്ചുണ്ട് പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.