വെള്ളിമാട്കുന്ന്: മൂന്ന് ആൺകുട്ടികളും മരണത്തിനു കീഴടങ്ങിയതോടെ ചെറുവറ്റ ഓച്ചേരി പാറച്ചോടൻ മുഹമ്മദിനും ഭാര്യ ഷക്കീലക്കും ഉപ്പയെന്നും ഉമ്മയെന്നുമുള്ള വിളി ഇനി അന്യം. രണ്ടു വർഷത്തിനുള്ളിൽ യുവാക്കളായ മൂന്ന് ആൺകുട്ടികളെയാണ് കുടുംബത്തിന് നഷ്ടമായത്.
റിട്ട.പൊലീസ് ഉദ്യോഗസ്ഥനായ മുഹമ്മദിൻെറ മൂന്നു മക്കളിൽ ഇളയവനായ ഷാഹിദ്(ബാവാണി) രണ്ടു വർഷം മുമ്പ് ചെറുവറ്റയിൽ ഉണ്ടായ ബൈക്ക് അപടകടത്തിൽ മരിച്ചതോടെയാണ് കുടുംബം തീരാക്കണ്ണീരിലേക്ക് ആഴ്ന്നു തുടങ്ങിയത്. അശ്രദ്ധമായി എത്തിയ കാർ ഷാഹിദ് സഞ്ചരിച്ച ബൈക്കിലിടിക്കുകയായിരുന്നു. പുതുതായി ആരംഭിക്കുന്ന മെഡിക്കൽ ഷോപ്പിൻെറ ഉദ്ഘാടനത്തിന് ഒരാഴ്ച മുമ്പായിരുന്നു അപകടം. വേർപാടിൻെറ വേദനയിൽനിന്ന് ഒരുവിധം കരകയറി വരുന്നതിനിടെയായിരുന്നു രണ്ടാമത്തെ മകൻ ഷാജിദ് മൂന്നാഴ്ച മുമ്പ് നോമ്പുകാലത്ത് കോവിഡ് ബാധിച്ച് മരിച്ചത്.
വെള്ളിമാട്കുന്നിൽ കാഞ്ഞിരത്തിങ്ങൽ മെഡിക്കൽസ് ഉടമയായിരുന്നു. മൂത്തമകൻ ഷാഹിദ് കോവിഡ് ബാധിച്ച് രണ്ടാഴ്ചയിലധികമായി നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെ ഷാഗിർ (47) കൂടി മരിച്ചതോടെ വിറങ്ങലിച്ചിരിക്കുകയാണ് കുടുംബവും നാട്ടുകാരും. ആർക്കും ആരെയും ആശ്വസിപ്പിക്കാനാവാതെ സ്വയം കണ്ണീരൊഴുക്കുകയാണ് കുടുംബാംഗങ്ങൾ. ഷാഹിദിൻെറ ഓർമയിൽ തൻെറ മെഡിക്കൽ ഷോപ്പിനു ഷാഹിദ് മെഡിക്കൽസ് എന്ന പേരും നൽകിയിരുന്നു മൂത്ത ജ്യേഷ്ഠനായ ഷാഗിർ. ഷാഹിദിനും ഷാജിദിനും ഓരോ ആൺകുട്ടികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.