ഇന്ധന നികുതി: മുസ്‌ലിം ലീഗ് പ്രതിഷേധത്തിൽ ജനരോഷമിരമ്പി

കോഴിക്കോട്: ഇന്ധന നികുതി കുറക്കുക, കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹം അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളുമായി മുസ്​ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം പഞ്ചായത്ത്, മുനിസിപ്പൽ, മേഖലാ കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധ പരിപാടികളിൽ ജനരോഷമിരമ്പി. കുതിച്ചുയരുന്ന ഇന്ധനവിലയിൽ ഇടപെടാതെ കേന്ദ്ര-കേരള സർക്കാറുകൾ സാധാരണക്കാരെ കബളിപ്പിക്കുന്ന നടപടിക്കെതിരെയാണ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചത്. പ്രകടനങ്ങളോടെ സംസ്ഥാനമൊട്ടാകെ പഞ്ചായത്ത്, മുനിസിപ്പൽ, മേഖലാകേന്ദ്രങ്ങളിൽ പ്രതിഷേധ സംഗമങ്ങൾ നടന്നു. എണ്ണവില കുതിച്ചുയരുന്നത് തടയാൻ കേന്ദ്രം ഒന്നും ചെയ്തില്ലെന്നും ഉപതെരഞ്ഞെടുപ്പിൽ ജനം തോൽപിച്ചപ്പോൾ മാത്രമാണ് കേന്ദ്രത്തി‍ൻെറ കണ്ണുതുറന്നതെന്നും നോർത്ത് മണ്ഡലത്തിലെ വെള്ളയിൽ മേഖല മുസ്​ലിം ലീഗ് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത്​ സംസ്ഥാന ജനറൽ സെക്രട്ടറി ഇൻചാർജ് പി.എം.എ. സലാം പറഞ്ഞു. മുസ്‌ലിം ലീഗ് ദേശീയ സീനിയർ വൈസ് പ്രസിഡൻറ്​​ ഡോ. എം.പി. അബ്​ദുസ്സമദ് സമദാനി എം.പി കോട്ടക്കലും ഉന്നതാധികാര സമിതി അംഗം കെ.പി.എ. മജീദ് തിരുവനന്തപുരത്തും സമരപരിപാടികളിൽ സംബന്ധിച്ചു. സംസ്ഥാന, ജില്ല, മണ്ഡലം നേതാക്കളും ജനപ്രതിനിധികളും അതത്​ പ്രദേശങ്ങളിൽ പ്രതിഷേധത്തിന് നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.