കോഴിക്കോട്: സാമ്പത്തിക പരാധീനത മൂലം ശസ്ത്രക്രിയ നടത്താനാവാതെ ഡയാലിസിസ് നടത്തുന്ന വൃക്കരോഗികൾക്ക് സൗജന്യ വൃക്കമാറ്റ ശസ്ത്രക്രിയ പദ്ധതിയുമായി ജില്ല പഞ്ചായത്ത്. 2012 മുതൽ ജില്ല പഞ്ചായത്തിനു കീഴിൽ പ്രവർത്തിക്കുന്ന സ്നേഹസ്പർശം കിഡ്നി പേഷ്യൻറ്സ് വെൽെഫയർ സൊസൈറ്റിയാണ് ജില്ലയിലെ നാല് പ്രമുഖ സ്വകാര്യ ആശുപത്രികളുടെ സഹകരണത്തോടെ 'ജീവജ്യോതി'എന്നപേരിൽ സൗജന്യമായി വൃക്കമാറ്റ ശസ്ത്രക്രിയ നടത്തുന്ന പദ്ധതിക്ക് രൂപം നൽകിയത്. പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം ആരോഗ്യമന്ത്രി വീണ ജോർജ് നവംബർ അവസാനവാരം നിർവഹിക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീജ ശശി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് തദ്ദേശ സ്വയംഭരണ സ്ഥാപനം ഇത്തരമൊരു ബൃഹത്തായ ജീവകാരുണ്യ പദ്ധതി ഏറ്റെടുത്തു നടപ്പാക്കുന്നത്. കോഴിക്കോട് ജില്ലക്കാരായ സാമ്പത്തികശേഷി കുറഞ്ഞവരും മറ്റ് ഇൻഷുറൻസ് പദ്ധതികളുടെ ഗുണഭോക്താക്കളല്ലാത്തവരുമായ വൃക്കരോഗികൾക്ക് അവയവമാറ്റ ശസ്ത്രക്രിയക്കായി വരുന്ന ചെലവ് പൂർണമായും ഈ പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കും. ദാതാവിനും സ്വീകർത്താവിനുമുള്ള ശസ്ത്രക്രിയ സംബന്ധമായ ചെലവുകളും മറ്റ് ആശുപത്രി ചെലവുകളും ഇതിലുൾപ്പെടും. വൃക്ക ദാതാവിേൻറത് തുറന്ന ശസ്ത്രക്രിയയാണെങ്കിൽ 2,75,000 രൂപയും താക്കോൽദ്വാര ശസ്ത്രക്രിയയാണെങ്കിൽ 3,05,000 രൂപയുമാണ് ചെലവു വരുക. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ശേഷം അവർ കഴിക്കേണ്ട ജീവൻ രക്ഷാമരുന്നുകൾ കൂടി സ്നേഹസ്പർശത്തിലൂടെ സൗജന്യമായി നൽകും. ഇൻഷുറൻസ് പരിരക്ഷ, കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ പദ്ധതികൾ, റീ ഇംപേഴ്സ്മെൻ്റ് സൗകര്യം എന്നിവ ലഭിക്കാത്തതും സാമ്പത്തികമായി പിന്നാക്കംനിൽക്കുന്നവരുമായവർക്ക് വേണ്ടിയാണ് പദ്ധതി. ഓരോ വർഷവും ജില്ലയിൽ 600 പുതിയ ഡയാലിസിസ് രോഗികളാണ് രജിസ്റ്റർ ചെയ്യുന്നത്. നാലായിരത്തിലധികം പേരാണ് ഡയാലിസിസിലൂടെ ജീവിക്കുന്നത്. ഇതിൽ യുവതീ യുവാക്കളുടെ എണ്ണവും കൂടുകയാണ്. ഈ സാഹചര്യത്തിലാണ് സാമൂഹിക ഉന്നമനം കൂടി ലക്ഷ്യംവെച്ച് ജീവജ്യോതി നടപ്പാക്കുന്നത്. ജീവജ്യോതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ജില്ല പഞ്ചായത്ത് ഓഫിസിലും വെബ് സൈറ്റിലും സ്നേഹസ്പർശം വെബ്സൈറ്റിലും കോഴിക്കോട് ആസ്റ്റർ മിംസ്, ഇഖ്റ, ബേബി മെമ്മോറിയൽ, മെട്രോ മെഡ് ഇൻറർനാഷനൽ കാർഡിയാക് സൻെറർ എന്നീ ആശുപത്രികളിലും ലഭ്യമാകും. വൃക്കരോഗികളെ കൂടാതെ നവജീവൻ ക്ലിനിക്കുകളിലൂടെ പാവപ്പെട്ട മാനസിക രോഗികൾക്ക് സൗജന്യ ചികിത്സയും മരുന്നും ലഭ്യമാക്കുന്നുണ്ട്. അഗതികളായ എച്ച്.ഐ.വി ബാധിതരായ പുരുഷന്മാർക്ക് എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളുമുള്ള കെയർ സൻെററും സ്നേഹസ്പർശത്തിൻെറ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. വാർത്ത സമ്മേളനത്തിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.പി. ശിവാനന്ദൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എൻ.എം. വിമല, ജില്ല പഞ്ചായത്ത് സെക്രട്ടറി ടി. അഹമ്മദ് കബീർ, സ്നേഹ സ്പർശം ട്രഷറർ ജെഹ ഫർബറാമി, എക്സി.അംഗങ്ങളായ ടി.എം. അബൂബക്കർ, സുബൈർ മണലൊടി എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.