യു.ഡി.എഫ് ജില്ല സമ്മേളനം ഇന്ന്​; പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്യും

കോഴിക്കോട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ പോരാട്ടം വിപുലമാക്കാനും ജനകീയ അടിത്തറ ശക്തമാക്കി കൂടുതല്‍ ഐക്യത്തോടെയുള്ള മുന്നേറ്റം ലക്ഷ്യമിട്ടുമുള്ള യു.ഡി.എഫ് ജില്ല സമ്മേളനം ചൊവ്വാഴ്ച​ നടക്കും. വൈകീട്ട് മൂന്നിന് ടാഗോര്‍ സൻെറിനറി ഹാളില്‍പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സമ്മേളനം ഉദ്ഘാടനംചെയ്യുമെന്ന്​ യു.ഡി.എഫ്​ ജില്ല നേതാക്കൾ അറിയിച്ചു. സമര പ്രഖ്യാപനത്തിനാണ് സമ്മേളനം ഊന്നല്‍ നല്‍കുന്നത്. ഇന്ധന വില വര്‍ധനക്ക്​ കാരണമായ അധികനികുതി ചുമത്തുന്നത്​ പിന്‍വലിക്കുക, കെ-റെയില്‍ പദ്ധതി ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളിന്മേല്‍ പ്രക്ഷോഭം ശക്തമാക്കും. മഹിളാ മാള്‍ അടച്ചുപൂട്ടുന്നതിലേക്ക് നയിച്ച കെടുകാര്യസ്ഥതക്കെതിരെയുള്ള പ്രതിഷേധം ശക്തമാക്കും. കെ.എസ്.ആർ.ടി.സി ബസ് ടെര്‍മിനല്‍ നിര്‍മാണത്തിലും പാട്ടക്കരാര്‍ നല്‍കിയതിലും ഉണ്ടായ വന്‍ അഴിമതിയും കെടുകാര്യസ്ഥതയും അന്വേഷിച്ച് നടപടി സ്വീകരിക്കുക, മാവൂരില്‍ ഗ്രാസിമി‍ൻെറ കൈവശമുള്ളതും ഉപയോഗിക്കാപ്പെടാതെ കാടുപിടിച്ചുകിടക്കുന്നതുമായ ഭൂമി തിരിച്ചെടുത്ത് ഐ.ടി ഉള്‍പ്പെടെ വ്യവസായിക സാധ്യതകള്‍ക്കായ് പ്രയോജനപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും യു.ഡി.എഫ് മുന്നോട്ടുവെക്കുന്നു. പ്രക്ഷോഭം ശക്തമാക്കാനുള്ള പരിപാടികള്‍ക്ക് ജില്ല സമ്മേളനം അന്തിമ രൂപം നല്‍കും. പ്രതിപക്ഷ ഉപനേതാവ് പി. കെ. കുഞ്ഞാലിക്കുട്ടി, യു.ഡി.എഫ്​ കണ്‍വീനര്‍ എം.എം. ഹസന്‍ തുടങ്ങി ഘടകകക്ഷി സംസ്ഥാന നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. വാര്‍ത്തസമ്മേളനത്തില്‍ യു.ഡി.എഫ്​ ജില്ല ചെയര്‍മാന്‍ കെ. ബാലനാരായണന്‍, കണ്‍വീനർ എം.എ. റസാഖ്, ഡി.സി.സി പ്രസിഡന്‍റ്​ ​ കെ. പ്രവീണ്‍ കുമാര്‍, മുസ്​ലിം ലീഗ്​ ജില്ല പ്രസിഡന്‍റ്​​ ഉമ്മര്‍പാണ്ടികശാല, സി.എം.പി സംസ്ഥാന നിർവാഹക സമിതി അംഗം ജി. നാരായണൻകുട്ടി, ഹാഷിം മാനോളി തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.