ജാമ്യത്തിലിറങ്ങി ഇരയെ ഭീഷണിപ്പെടുത്തി; മൂന്ന്​ പോക്​സോ കേസ്​ പ്രതികൾ അറസ്​റ്റിൽ

കൊടുവള്ളി: പോക്​സോ കേസിലെ പ്രതികൾ ജാമ്യത്തിലിറങ്ങി ഇരയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ മൂന്നു​ പേരെ പൊലീസ് അറസ്​റ്റ് ചെയ്തു. കിഴക്കോത്ത് പന്നൂർ സ്വദേശികളായ അനസ്, മുനവ്വർ, വാവാട്‌ സ്വദേശിയായ ഖാദർ എന്നിവരെയാണ് അറസ്​റ്റ്​ ചെയ്തത്. ബസ് തൊഴിലാളികളാണ് മൂവരും. നരിക്കുനിയിലെ ഒരു സ്ഥാപനത്തിൽ പഠിച്ചിരുന്ന 17 കാരിയെ 2020 മാർച്ച് ആദ്യവാരത്തിൽ കൊടുവള്ളി ബസ്​ സ്​റ്റാൻഡിൽനിന്ന്​ ഓട്ടോയിൽ നരിക്കുനി ഭാഗത്തേക്ക് തട്ടിക്കൊണ്ടു പോയി ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിച്ച്​ ഫോട്ടോ പകർത്തി. പുറത്ത് പറഞ്ഞാൽ ഫോട്ടോ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു കേസ്. റിമാൻഡിലായ പ്രതികൾ ഇരയെ ഭീഷണിപ്പെടുത്തുകയും മോശമായി ചിത്രീകരിക്കുകയും ചെയ്​തെന്നാണ്​ പരാതി. ഇത്​ തുടർപഠനത്തിനും ഭാവിജീവിതത്തിന് പ്രയാസമാകുന്നതായും കാണിച്ച് സെപ്റ്റംബർ 25 ന് പൊലീസിൽ പെൺകുട്ടി പരാതി നൽകുകയായിരുന്നു. പരാതിയിൽ തുടർനടപടിയില്ലാതെ വന്നതോടെ മുഖ്യമന്ത്രിക്ക് പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് അന്വേഷണം നടത്തുകയും പ്രതികളെ വ്യാഴാഴ്​ച അറസ്​റ്റ്​ ചെയ്യുകയായിരുന്നു. ഇവരെ പിന്നീട് സ്​റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.