ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ്; മൂലഹള്ളയിൽ ചരക്കുവാഹനങ്ങൾ തടഞ്ഞു

സുൽത്താൻ ബത്തേരി: കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ജീവനക്കാരുള്ള ചരക്ക് വാഹനങ്ങൾ മൂലഹള്ളയിൽ കർണാടക അധികൃതർ തടഞ്ഞു. ചൊവ്വാഴ്ച ഉച്ചയോടെയാണ് ചരക്ക് വാഹനങ്ങൾക്കെതിരെയും നടപടി ശക്തമാക്കിയത്. ഇതോടെ കിലോമീറ്ററുകളോളം വാഹനങ്ങളുടെ വലിയ നിരയാണ് രൂപപ്പെട്ടത്. രണ്ട് മണിക്കൂറോളം ഗതാഗത തടസ്സവുമുണ്ടായി. സുൽത്താൻ ബത്തേരി സി.ഐ ബെന്നിയുടെ നേതൃത്വത്തിൽ പൊലീസെത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. കർണാടകയിലേക്ക് കടക്കാൻ രണ്ടു ദിവസത്തിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റാണ് അധികൃതർ ആവശ്യപ്പെടുന്നത്. ബസിലെയും സ്വകാര്യ വാഹനങ്ങളിലെയും യാത്രക്കാരെ ഒന്നൊഴിയാതെയാണ് പരിശോധിക്കുന്നത്. ശനിയാഴ്ച മുതലാണ് പരിശോധന കർശനമാക്കിയതെങ്കിലും ചരക്ക് വാഹനങ്ങളോട് കടുത്ത നിലപാട് സ്വീകരിച്ചിരുന്നില്ല. പുതിയ തീരുമാനമനുസരിച്ച് ചരക്ക് വാഹനങ്ങളിലെ ജീവനക്കാർ 15 ദിവസത്തിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് കരുതണം. ദിവസവും നൂറുകണക്കിന് ചരക്കുവാഹനങ്ങളാണ് മുത്തങ്ങ, പൊൻകുഴി, മൂലഹള്ള വഴി കർണാടകയിലേക്ക് പോകുന്നത്. ചരക്കുനീക്കത്തെ ഇത് ബാധിക്കാൻ സാധ്യതയുണ്ട്. പൊലീസും ആരോഗ്യവകുപ്പും റവന്യൂ ജീവനക്കാരും ചേർന്ന വലിയ സംഘമാണ് മൂലഹള്ള ചെക് പോസ്​റ്റിൽ കർണാടകത്തിനായി പരിശോധന നടത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.