കാലാവസ്ഥ വ്യതിയാനം കാർഷികമേഖലക്ക്​ വെല്ലുവിളിയാകും

എ. ബിജുനാഥ്​ കോഴിക്കോട്​: ന്യൂനമർദങ്ങളുടെ ഘോഷയാത്ര സംസ്ഥാനത്തെ കാർഷികമേഖല​ക്ക്​ കടുത്തവെല്ലുവിളിയാകു​മെന്ന്​ കാർഷിക വിദഗ്​ധർ. 121 വർഷത്തിനിടയിൽ ഇത്രയും മഴ സംസ്ഥാനത്തുണ്ടായിട്ടി​ല്ലെന്ന്​ വിദഗ്​ധർ ചൂണ്ടിക്കാണിക്കുന്നു​. കൃത്യതയില്ലാത്തതും കാലംതെറ്റിയതുമായ മഴ കാർഷിക മേഖലക്ക്​ വൻ തിരിച്ചടി സൃഷ്​ടിക്കു​മെന്നാണ്​ നിരീക്ഷണം. 22 ന്യൂനമർദങ്ങൾ ഇതിനകം റിപ്പോർട്ട്​ ചെയ്​തിട്ടുണ്ട്​. ജനിതക- കാലാവ​സ്ഥ ഘടകങ്ങൾ​ ചെടികളുടെ പുഷ്​പിക്കലിനെ സ്വാധീനിക്കുമെന്നതിനാൽ തുടർച്ചയായ മഴ മാങ്ങ, ചക്ക തുടങ്ങിയ ഫലവൃക്ഷങ്ങളുടെ ഉൽപാദനം തകിടം മറിയാൻ ഇടയാക്കിയേക്കും. മഴകാരണം ചെടികളും ഫലവൃക്ഷങ്ങളും പൂക്കുന്നതിനുപകരം തളിർക്കുകയാണ്​. കുരുമുളക്​ ഉൾപ്പെടെ തോട്ടവിളകളെയും മഴ ബാധിക്കുമെന്ന്​ തിരുവനന്തപുരം ക്രോപ്​ ​പ്രൊഡക്​ഷൻ മേധാവിയും പ്രിൻസിപ്പൽ സയൻറിസ്​റ്റുമായ ഡോ.ജി. ബൈജു പറഞ്ഞു. ഇലകൊഴിയുന്നതിനു പകരം തളിർത്തുവരുന്നതുമൂലം വിളവ്​ ഗണ്യമായി കുറയും. മരച്ചീനി ഉൾപ്പെടെ കിഴങ്ങുവർഗങ്ങളുടെ രുചിവ്യത്യാസത്തിനിടവരുമെന്നും ഡോ.ജി. ബൈജു പറഞ്ഞു. ഇത്രയും ന്യൂനമർദം സമീപ ചരിത്രത്തിലൊന്നും ഉണ്ടായിട്ടില്ലെന്ന്​ അമച്വർ വാനനിരീക്ഷകനായ സുരേന്ദ്രൻ പുന്നശ്ശേരി പറഞ്ഞു. ആകാശം മിക്കപ്പോഴും മേഘാവൃതമായതിനാൽ പല കാർഷികവൃത്തികളും അവതാളത്തിലായി. മണ്ണിലെ ജലാംശം, അന്തരീക്ഷത്തിലെ നീരാവി മർദം, രാത്രിതണുപ്പ്​ എന്നിവ പുഷ്​പിക്കലിന്​ പ്രധാനഘടകമാണ്​. ഇവ അസന്തുലിതമായത് വിളവിനെ ബാധിക്കും.​​ ഇത്തവണത്തെ മഴ​ അപൂർവം ചില ചെടികൾക്ക് ഗുണമുണ്ടായെങ്കിലും അധികചെടികൾക്കും ദോഷകരമായി ബാധിക്കാനാണ് സാധ്യത. പല കൃമി-കീടങ്ങളുടെയും പ്രാണികളുടെയും ജൈവിക ചാക്രികതക്ക്​ ഭംഗം വന്നിട്ടുണ്ട്​. ഒക്​ടോബർ അവസാനത്തോടെ മഴ നിലച്ച്​ വൃശ്ചികത്തോടൊപ്പമുള്ള മഞ്ഞിലാണ് മാമ്പൂക്കൾ വിടരുന്നത്. മഞ്ഞ് നഷ്​ടപ്പെട്ടതിനാൽ ചില പ്രാണികളും കീടങ്ങളും അപ്രത്യക്ഷമാകുകയും ചെയ്​തിട്ടുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.