മട്ടന്നൂരില്‍ മണ്‍തിട്ട അടര്‍ന്നുവീണ്​ മണ്ണിനടിയിൽപെട്ട് യുവാവ്​ മരിച്ചു

രണ്ടു​ പേര്‍ക്ക് പരിക്ക് കുന്നിടിച്ച സ്​ഥലത്ത്​ പെട്രോള്‍ പമ്പിനായി പ്രവൃത്തി നടക്കുന്നതിനിടെയാണ്​ അപകടം മട്ടന്നൂര്‍: മട്ടന്നൂരിനടുത്ത കളറോഡിൽ പെട്രോള്‍ പമ്പിനായി മണ്ണ് നീക്കംചെയ്ത സ്ഥലത്ത് കോണ്‍ക്രീറ്റ് പ്രവൃത്തി നടക്കുന്നതിനിടെ മണ്ണിനടിയിൽപെട്ട് യുവാവ് മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. ചാവശ്ശേരി മണ്ണോറ സ്വദേശി സജിത്താണ്​ (33) മരിച്ചത്. പരിക്കേറ്റ ജനാർദനന്‍, ജിജേഷ് എന്നിവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചക്കാണ് അപകടം. 15 മീറ്റര്‍ ഉയരത്തിലുള്ള കുന്ന് ഇടിച്ചുതാഴ്ത്തിയതു കാരണം മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാല്‍ മണ്ണ് നീക്കിയ ഭാഗത്ത് കോണ്‍ക്രീറ്റ് ഭിത്തി നിർമിക്കുന്ന പ്രവൃത്തിക്കിടെ തൊട്ടു മുകളിലുണ്ടായിരുന്ന മണ്‍തിട്ട അടര്‍ന്നുവീഴുകയായിരുന്നു. ചാവശ്ശേരി സ്വദേശികളായ ബാവ എന്ന സജിത്, ജനാർദനന്‍, കീഴ്പ്പള്ളി സ്വദേശി ജിതേഷ് എന്നിവരാണ് മണ്ണിനടിയില്‍പെട്ടത്. ജനാർദനന്‍, ജിതേഷ് എന്നിവരെ കൂടെയുണ്ടായിരുന്ന തൊഴിലാളികള്‍ പുറത്തെടുത്തെങ്കിലും സജിത് മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. മട്ടന്നൂര്‍ ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്ന് അരമണിക്കൂറിലേറെ നീണ്ട ശ്രമത്തിനൊടുവിലാണ് സജിത്തിനെ പുറത്തെടുത്തത്. ഉടനെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരേതനായ കുഞ്ഞമ്പു-ലീല ദമ്പതികളുടെ മകനാണ്. ഭാര്യ: സുനിഷ. സഹോദരങ്ങള്‍: ഷൈജു, ഷിജു, നിഷ. സംസ്‌കാരം ഞായറാഴ്ച ചാവശ്ശേരി ശ്മശാനത്തില്‍ നടക്കും. അശാസ്ത്രീയമായ രീതിയിലുള്ള മണ്ണെടുപ്പാണ് ദുരന്തത്തിന് കാരണമായതെന്ന് നാട്ടുകാര്‍ ആരോപിച്ചു. photo: MTR-MANNIDICHAL MARANAM SAJITH സജിത്ത്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.