അംഗത്വം ഒഴിവാക്കിയ നടപടി: സി.പി.എം മുക്കം ബാങ്ക് ഉപരോധിച്ചു

മുക്കം: ബാങ്കിലെ 446 എ ക്ലാസ് അംഗങ്ങളുടെ അംഗത്വം ഒഴിവാക്കിയ ഭരണ സമിതി തീരുമാനത്തി‍ൻെറ കാരണമാവശ്യപ്പെട്ട് സി.പി.എം പ്രവർത്തകർ മുക്കം സഹകരണ ബാങ്ക് ഉപരോധിച്ചു. ഉപരോധത്തെ തുടർന്ന് വനിത ജീവനക്കാർ ഉൾപ്പെടെ രണ്ട്​ മണിക്കൂറോളം പുറത്തുപോവാനാവാതെ ബാങ്കിൽ അകപ്പെട്ടു. അംഗത്വം തള്ളിയതുമായി ബന്ധപ്പെട്ട് സി.പി.എം വെള്ളിയാഴ്ച ബാങ്കിലേക്ക് മാർച്ച് നടത്തിയിരുന്നു. ഇതി‍ൻെറ തുടർച്ചയായി ശനിയാഴ്ച രാവിലെയോടെ തന്നെ സി.പി.എം പ്രവർത്തകർ പ്രതിഷേധവുമായി ബാങ്കിന് മുന്നിലെത്തിയിരുന്നു. നാലു മണിയോടെ മുദ്രാവാക്യം വിളികളുമായി ബാങ്കി‍ൻെറ പ്രധാന കവാടം ഉപരോധിക്കുകയായിരുന്നു. മെംബർഷിപ് ഒഴിവാക്കിയതി‍ൻെറ കാരണം വ്യക്തമാക്കാതെ പിരിഞ്ഞുപോവില്ലെന്ന് പ്രതിഷേധക്കാർ ശഠിച്ചതോടെ ജീവനക്കാർ ബാങ്കിൽ അകപ്പെട്ടു. മുക്കം ഇൻസ്പെക്ടർ പ്രജീഷ്, എസ്.ഐ സജിത് എന്നിവരും സ്ഥലത്തെത്തി. ഉപരോധം ഒന്നര മണിക്കൂർ പിന്നിട്ടപ്പോൾ വനിത ജീവനക്കാരെ പുറത്തുപോവാൻ അനുവദി​െച്ചങ്കിലും സെക്രട്ടറി ഉൾപ്പെടെയുള്ളവർക്ക് പുറത്തിറങ്ങാനായില്ല. തുടർന്ന് മുക്കം പൊലീസ് സെക്രട്ടറിയുമായി സംസാരിക്കുകയും സി.പി.എം നേതാക്കളെ ചർച്ചക്ക് വിളിക്കുകയുമായിരുന്നു. മെംബർഷിപ് ഒഴിവാക്കാനിടയായ സാഹചര്യം സെക്രട്ടറി രേഖാമൂലം നൽകിയതോടെ സി.പി.എം സമരം അവസാനിപ്പിക്കുകയായിരുന്നു. സമരത്തിന് കെ.ടി. ശ്രീധരൻ, സി.എ പ്രദീപ് കുമാർ, കെ.ടി. ബിനു, പി.ടി. ബാബു, എ.പി. ജാഫർ ഷരീഫ് തുടങ്ങിയവർ നേതൃത്വം നൽകി. സംഭവത്തിൽ നിയമനടപടികളുമായി മുന്നോട്ടുപോവുമെന്ന് സി.പി.എം നേതാക്കൾ പറഞ്ഞു. ബാങ്കിൽ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിക്ക് മേൽനോട്ട ചുമതല നൽകിയ കാലത്ത് പുതുക്കി നൽകിയ അംഗത്വമാണ് യു.ഡി.എഫ് നേതൃത്വത്തിലുള്ള ഭരണസമിതി റദ്ദാക്കിയത്. കഴിഞ്ഞ ബാങ്ക് ഭരണസമിതി ​െതരഞ്ഞെടുപ്പിന് മുമ്പ്​, അംഗത്വ ഫീസ് 500 രൂപയായി പുനർനിശ്ചയിച്ചിരുന്നു. മുൻകാല അംഗങ്ങളിൽ പലരും ഈ തുക അടച്ച് അംഗത്വം പുതുക്കിയിരുന്നില്ല. തുടർന്ന്, അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിക്ക് മേൽനോട്ട ചുമതല നൽകിയ സമയത്ത് ഇതിൽ 446 പേരുടെ അംഗത്വം പുതുക്കി നൽകി. ഇരുന്നൂറോളം പേർക്ക് പുതിയ അംഗത്വവും നൽകിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.