പരാതി പരിഹാര സെല്ലിലും പരിഹാരമായില്ല: ചിറയിൽ-കുന്നോത്ത് താഴെ നടപ്പാത യാഥാർഥ്യമായില്ല

നന്മണ്ട: ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിലെ ചിറയിൽ-കുന്നത്ത് താഴെ നടപ്പാത ഇനിയും യാഥാർഥ്യമായില്ല. ഇതുകാരണം മുപ്പതോളം കുടുംബങ്ങളാണ് വലയുന്നത്. കല്ലും പുല്ലും നിറഞ്ഞ പാതയിലൂടെയുള്ള സഞ്ചാരം അപകടകരവും, കുറ്റിപ്പുല്ലുകൾ നിറഞ്ഞ വഴിയിൽ ഇഴജീവികളുടെ വിഹാരകേന്ദ്രവുമായി മാറിയത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തുന്നു. കൊയ്ത്ത് കഴിഞ്ഞ പാടത്തിലൂടെ ഇറങ്ങി നടന്നാണ് ഇപ്പോൾ പലരും വീട്ടിലെത്തുന്നത്. 2000ത്തിൽ ഗ്രാമസഭയിൽ നടപ്പാത വിഷയം അവതരിപ്പിച്ചതായിരുന്നു. 22 വർഷമായിട്ടും അതിന് ഒരു മാറ്റവും തിരുത്തിക്കുറിക്കാൻ അധികൃതർക്കായില്ലെന്ന് പ്രദേശവാസികൾ പറയുന്നു. മഴപെയ്താൽ വെള്ളക്കെട്ട് നീന്തിവേണം സഞ്ചരിക്കാൻ. സ്കൂൾ വിദ്യാർഥികളടക്കം ഒട്ടേറെ പേർ സഞ്ചരിക്കുന്ന പാതയാണിത്. 200 മീറ്റർ ദൈർഘ്യം വരും റോഡിന്​. മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ 2011ൽ താനോത്ത് പൊയിൽ എം.കെ. കേളുക്കുട്ടി നിവേദനം നൽകിയതി‍ൻെറ ഭാഗമായി 2012 ജൂലൈ 22ന് ചേർന്ന ഗ്രാമസഭയിൽ നടപ്പാത വിഷയം ഉന്നയിച്ചപ്പോൾ ദൈനംദിന പ്രവർത്തനങ്ങൾക്ക് പോലും തനത് ഫണ്ടില്ല എന്നും അടുത്ത സാമ്പത്തിക വർഷത്തെ പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്താമെന്നുമായിരുന്നു പഞ്ചായത്ത് ഭരണസമിതി പറഞ്ഞത്. എന്നാൽ, പത്തു വർഷം പിന്നിട്ടിട്ടും നടപ്പാതയുടെ കാര്യത്തിൽ അധികൃതർ മൗനം പാലിക്കുകയാണെന്നും മറ്റ് വാർഡുകളിൽ നടപ്പാതയും റോഡും വന്നിട്ടും എട്ടാം വാർഡിലെ നടപ്പാതയുടെ കാര്യത്തിൽ അധികൃതർ മുഖം തിരിഞ്ഞു നിൽക്കുന്ന സമീപനമാണ് കൈക്കൊള്ളുന്നതെന്നും പ്രദേശവാസികൾ ആരോപിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.