ഡേറ്റ ബാങ്കില്‍ നിന്നും ഭൂമി ഒഴിവാക്കുന്നില്ല, ദുരിതത്തിലായി സഹോദരിമാർ

കോഴിക്കോട്: ജനവാസ മേഖലയിലെ ഭൂമി തണ്ണീര്‍തടം ഇനത്തില്‍ നിന്ന്​ ഒഴിവാക്കി വീട് നിര്‍മാണത്തിന് അനുമതി തരുന്നില്ലെന്ന പരാതിയുമായി സഹോദരികൾ. ചേവായൂരില്‍ 38 വര്‍ഷം മുമ്പ് വിലയ്ക്കു വാങ്ങിയ ഭൂമി ഡേറ്റ ബാങ്കില്‍ നിന്ന് ഒഴിവാക്കുന്നതിനായി 13 വര്‍ഷമായി സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങിയിട്ടും പ്രയോജനവും ലഭിച്ചില്ലെന്ന് ഇവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കോഴിക്കോട് സ്വദേശി പരേതനായ എച്ച്.എം.ടി ജീവനക്കാരന്‍ എം.വി. ബാല‍ന്റെയും കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ ഉദ്യോഗസ്ഥയായിരുന്ന ലളിതയുടെയും മക്കളായ ബിന്ദു, ബിജി, ബീന, ബിബി എന്നിവരാണ് പരാതിയുമായെത്തിയത്. ഭൂമി കുറഞ്ഞ വിലയ്ക്ക് തട്ടിയെടുക്കാന്‍ റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥനും ഭാര്യയും ഭൂമാഫിയയും നടത്തുന്ന നീക്കങ്ങളാണ് നീതി നിഷേധിക്കപ്പെടാന്‍ ഇടയാക്കുന്നതെന്നും ഇവര്‍ ആരോപിച്ചു. ബാലന്റെ മരണാനന്തരം നഷ്ടപരിഹാരമായി ലഭിച്ച തുക ഉപയോഗിച്ചാണ് 1984ല്‍ ഭാര്യ ലളിത ചേവായൂരില്‍ പഴയ കരുണാഭവന് സമീപം 25 സെന്‍റ് സ്ഥലം വാങ്ങിയത്. ഇതിന് സമീപത്തുകൂടെയുണ്ടായിരുന്ന എട്ടടി റവന്യൂ വകുപ്പില്‍ ഉദ്യോഗസ്ഥനായ ഒരാളുടെ മാതാവ് കൈയേറുകയും ലളിത അടക്കം സമീപത്തെ വീട്ടുകാർ ഇതിനെതിരെ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് തങ്ങളുടെ ഭൂമി സംബന്ധിച്ച പ്രശ്‌നങ്ങള്‍ തുടങ്ങിയത്. സാമ്പത്തിക പ്രശ്നം രൂക്ഷമായതോടെ അവശ നിലയിലായ മാതാവ് ഭൂമി മക്കള്‍ക്ക് വീതിച്ചുനല്‍കി. അതിനിടെ ആധാരത്തില്‍ നിലം എന്ന് രേഖപ്പെടുത്തിയ ഭൂമി തണ്ണീർതടമാക്കി മാറ്റിയിരുന്നു. ഒന്നര ഏക്കര്‍ ഉള്‍പ്പെടുന്ന റീസര്‍വേ നമ്പറില്‍പ്പെട്ട 25 സെന്‍റ് സ്ഥലം മാത്രമാണ് തണ്ണീർതടത്തില്‍ ഉള്‍പ്പെട്ടത്. 2013ല്‍ കോര്‍പറേഷന്‍ മേയറുമായും കൃഷി, റവന്യൂ വകുപ്പ് ഓഫിസുകളുമായും ബന്ധപ്പെട്ട് ഭൂമി തരം മാറ്റി ലഭിക്കുന്നതിന് ശ്രമം നടത്തി. തണ്ണീർതടം ഇനത്തില്‍ നിന്നും മാറ്റി നല്‍കാമെന്ന് മേയര്‍ വാക്കു നല്‍കിയെങ്കിലും നടപടിയായില്ല. അടൂര്‍ പ്രകാശ് റവന്യൂ മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തെയും അന്നത്തെ കലക്ടർ പ്രശാന്തിനെയും സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ അനുകൂലമായ നിലപാട് സ്വീകരിച്ചെങ്കിലും റവന്യൂ വകുപ്പിലും കലക്ടറേറ്റിലും ജോലി ചെയ്യുന്ന അയല്‍വാസി ദമ്പതികളുടെ ഇടപെടലാണ് തടസ്സമാവുന്നത്. രണ്ടു തവണ കേസ് വാദം കേട്ടപ്പോഴും റവന്യൂ വകുപ്പ് ഹാജരായിരുന്നില്ലെന്നും ഇവര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.