ലൈസൻസ് പുതുക്കൽ; മീൻപിടിത്തക്കാർ ആശങ്കയിൽ

ബേപ്പൂർ: ബോട്ടുകൾക്ക് ലൈസൻസ് പുതുക്കി നൽകുന്നതിന് കാലപ്പഴക്കം നിശ്ചയിച്ചുകൊണ്ടുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധം ശക്തമാകുന്നു.15 വർഷം കഴിഞ്ഞ ഇരുമ്പ് ബോട്ടുകൾക്കും12 വർഷം കഴിഞ്ഞ മരം- ഫൈബർ ബോട്ടുകൾക്കും ലൈസൻസ് പുതുക്കി നൽകാത്തതാണ് മീൻപിടിത്ത തൊഴിലാളികൾക്ക് പ്രതിസന്ധിയായത്. വർഷാവർഷങ്ങളിൽ യഥാസമയം അറ്റകുറ്റപ്പണി നടത്തി, പുതുമോടിയിൽ മത്സ്യബന്ധനത്തിനു പോകുന്ന ബോട്ടുകളെ കാലപ്പഴക്കത്തിന്റെ പേര് പറഞ്ഞ് അധികൃതർ ലൈസൻസ് പുതുക്കുന്നത് തടയുകയാണ്. മത്സ്യത്തൊഴിലാളികളുടെ സുരക്ഷയെ മുൻനിർത്തിയുള്ള ഉത്തരവെന്നാണ് ഫിഷറീസ് വകുപ്പിന്റെ വിശദീകരണം. ബോട്ടുകളുടെ നിലവിലുള്ള സുരക്ഷ സാഹചര്യങ്ങൾ കുറ്റമറ്റതാണെന്ന് പരിശോധന നടത്തി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്ന സംവിധാനം ഏർപ്പെടുത്തണമെന്നാണ് തൊഴിലാളികളുടെ ആവശ്യം . പ്രവർത്തനക്ഷമതയും കരുത്തുമുള്ള മത്സ്യബന്ധനത്തിന് യോഗ്യമായ ബോട്ടുകൾ കാലപ്പഴക്കത്തിന്റെ കാരണം പറഞ്ഞു പൊളിച്ചു നീക്കണമെങ്കിൽ സർക്കാർ മതിയായ നഷ്ട പരിഹാരം അനുവദിക്കണം . ലക്ഷങ്ങൾ വായ്പയെടുത്ത് കടലിലിറക്കിയ ബോട്ടുകൾ വായ്പ കാലാവധി തീരുന്നതിന് മുമ്പുതന്നെ പൊളിച്ചൊഴിവാക്കേണ്ട അവസ്ഥ വലിയ സാമ്പത്തിക പ്രത്യാഘാതമുണ്ടാക്കുമെന്നാണ് തൊഴിലാളികൾ പറയുന്നത്. ജില്ലയിൽ 1250 ഓളം ഇരുമ്പ് ബോട്ടുകളും 500ൽപരം മരം- ഫൈബർ ബോട്ടുകളുമുണ്ട്. ലക്ഷങ്ങൾ വിലമതിക്കുന്നതാണിവ.ബേപ്പൂർ തുറമുഖം കേന്ദ്രീകരിച്ച് നൂറിലധികവും, വെള്ളയിലും കൊയിലാണ്ടിയിലും 50 വീതവും ചോമ്പാലിൽ 250ഓളവും ചെറിയ മരം-ഫൈബർ ബോട്ടുകൾ മത്സ്യബന്ധനം നടത്തുന്നുണ്ട്. പുതിയ നിർദേശത്തെത്തുടർന്ന്, നൂറു കണക്കിന് ബോട്ടുകൾ മീൻ പിടിത്തത്തിന് പോകാനാവാതെ ബേപ്പൂർ, വെള്ളയിൽ,പപുതിയാപ്പ, ചോമ്പാല തുടങ്ങിയ തുറമുഖങ്ങളിൽ നിർത്തിയിട്ടിരിക്കുകയാണ്.തദ്ദേശീയരായ മത്സ്യത്തൊഴിലാളികളും, ബോട്ടുടമകളുമാണ് ഇവകളിൽ ജോലി ചെയ്യുന്നത് .അയൽ സംസ്ഥാനങ്ങളിലില്ലാത്ത അശാസ്ത്രീയ നിയമം മത്സ്യബന്ധന മേഖലയിലുള്ളവരുമായി ചർച്ച ചെയ്യാതെ നടപ്പാക്കുന്നത് അവസാനിപ്പിക്കുകയും, ജോലി നഷ്ടപ്പെടുന്ന തൊഴിലാളികൾക്ക് ബദൽ സംവിധാനങ്ങൾ ഒരുക്കുകയും ചെയ്യണം. ആയിരക്കണക്കിന് തൊഴിലാളികളെയും,കുടുംബങ്ങളെയും അനുബന്ധ മേഖലയിലുള്ളവരെയും പട്ടിണിയിലാക്കുന്ന തീരുമാനം ഉപേക്ഷിക്കണം. മേഖലയെ തകർക്കുന്ന അശാസ്ത്രീയ നിർദേശങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും, ഫിഷറീസ് മന്ത്രിയെയും നേരിൽ കാണും. പരിഹാരമുണ്ടായില്ലെങ്കിൽ സംസ്ഥാനത്തൊട്ടാകെ മത്സ്യത്തൊഴിലാളികൾ സമരത്തിനിറങ്ങുമെന്ന്, ഓൾ കേരള ബോട്ട് ഓപറേറ്റേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡൻറ് കരിച്ചാലി പ്രേമൻ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.