എംപീസ് വേണുവിന്റെ കാമറയിൽ നിന്ന് ഇനി മിന്നും വെളിച്ചമില്ല

കൊയിലാണ്ടി: ഫോട്ടോഗ്രഫിയിൽ ശ്രദ്ധേയനായ കൊയിലാണ്ടി വിയ്യൂർ കീഴലത്ത് വേണുഗോപാൽ എന്ന എംപീസ് വേണു കാമറക്കണ്ണുകൾക്കപ്പുറത്തേക്ക് വഴിമാറി. പ്രശസ്തമായ എംപീസ് സ്റ്റുഡിയോ കുടുംബാംഗമായ വേണു അരനൂറ്റാണ്ടിലേറെ ഫോട്ടോഗ്രഫി രംഗത്ത് നിറഞ്ഞുനിന്നു.1880ൽ വേണുവിന്റെ പിതാവ് ബാലന്റെ അമ്മാവൻ ദാമോദരൻ ഫ്രഞ്ച് മാഹിയിലാണ് സ്റ്റുഡിയോക്ക് തുടക്കമിട്ടത്. വൈദ്യുതി എത്തിയതോടെ വടകരയിലേക്കും അവിടെ നിന്നു കൊയിലാണ്ടിയിലേക്കും സ്റ്റുഡിയോ പറിച്ചുനട്ടു. കേരളത്തിലെ ആദ്യ സ്റ്റുഡിയോകളൊന്നിന്റെ ശക്തിയായി മാറിയ വേണുവിന്റെ ചിത്രങ്ങൾ പലതും ശ്രദ്ധ പിടിച്ചുപറ്റി. സാങ്കേതിക വിദ്യകൾ പുരോഗതി പ്രാപിക്കാത്ത കാലത്ത് ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ കളറിലേക്ക് രൂപാന്തരപ്പെടുത്തി ശ്രദ്ധേയമായി. കളർപ്രിന്റിങ് എത്തും മുമ്പേയായിരുന്നു ഇത്. ഇരുളും വെളിച്ചവും വേഗവുാം ഒരുമിപ്പിച്ച് ചിത്രങ്ങൾ പകർത്തുന്നതിൽ പ്രഗല്ഭ്യം തെളിയിച്ചു. വേണുവിന്റെ നേതൃത്വത്തിൽ പിന്നീട് ചെന്നൈയിലും എംപീസ് സ്റ്റുഡിയോ സ്ഥാപിതമായി. സിനിമ ഫോട്ടോഗ്രഫി രംഗത്തും ഏറെക്കാലം പ്രവർത്തിച്ചു. സൗദി അറേബ്യയിലും പ്രവർത്തിച്ചു. മികച്ച ചെസ് കളിക്കാരനുമായിരുന്നു വേണു. സംസ്ഥാന - ദേശീയ മത്സരങ്ങളിൽ സമ്മാനിതനായി. വേണു തന്റെ കാമറക്കണ്ണുകളിലൂടെ പകർത്തിയ ചിത്രങ്ങൾ നിരവധിയാണ്. കാലത്തിന്റെ കടന്നുപോക്കിൽ പരിക്കൊന്നുമേൽക്കാതെ തെളിഞ്ഞു നിൽക്കുന്നവയാണ് അതിൽ പലതും.ബുധനാഴ്ചയാണ് വേണു ജീവിത ആൽബത്തിൽ നിന്നു വിട പറഞ്ഞത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.