പ്രകൃതിയെ തൊട്ടറിഞ്ഞൊരു സായാഹ്ന ചർച്ച

മാവൂർ: മരങ്ങളെ തൊട്ടറിഞ്ഞ സായാഹ്ന ചർച്ച വിദ്യാർഥികൾക്ക് നവ്യാനുഭവമായി. ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ എസ്. ഖമറുദ്ദീന്റെ 'കണ്ണ് തുറന്നാൽ കാണുന്ന കാഴ്ചകൾ' എന്ന പുസ്തക ചർച്ചയാണ് മാവൂർ പള്ളിയോൾ കിഴക്കുംകരകാവിലെ ആൽമരച്ചുവട്ടിൽ നടന്നത്. ചേന്ദമംഗലൂർ അൽ ഇസ്‌ലാഹ് ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർഥികളാണ് സഹവാസ ക്യാമ്പിന്റെ ഭാഗമായി കാവ് സന്ദർശിച്ചത്. കാവിനോട് ചേർന്ന് 25 സെന്റ് സ്ഥലത്ത് ഗ്രാമ പഞ്ചായത്ത് ജൈവവൈവിധ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ഒരുക്കിയ നക്ഷത്രവനത്തിലെ വിവിധയിനം മരങ്ങളെപ്പറ്റി കുട്ടികൾ നേരിട്ട് മനസ്സിലാക്കി. 27 ജന്മനക്ഷത്രങ്ങളുടെ പേരുകളിലുള്ള വൃക്ഷത്തൈകൾ നാളുകളുടെ ക്രമത്തിലാണ് നട്ടിട്ടുള്ളത്. വിശ്വാസത്തോടൊപ്പം പ്രകൃതിസംരക്ഷണമെന്ന ലക്ഷ്യംകൂടിയുണ്ട് വനവത്കരണത്തിന് പിന്നിലെന്ന് കിഴക്കുംകര കാവ് ദേവസ്വം ട്രസ്റ്റ് പ്രതിനിധി രാമചന്ദ്രൻ പറഞ്ഞു. എസ്. ഖമറുദ്ദീൻ തന്റെ പുസ്തകം കാവ് ഭാരവാഹിക്ക് കൈമാറി. പ്രിൻസിപ്പൽ നജീബ് റഹ്‌മാൻ അധ്യക്ഷത വഹിച്ചു. മിൻഹ ഫാത്തിമ സ്വാഗതവും അധ്യാപിക സിൻസി നന്ദിയും പറഞ്ഞു. കെ.ടി. നാസില നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.