കാസർകോട്: കുമ്പള ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതിയിലേക്ക് സി.പി.എമ്മുമായി സഖ്യത്തിന് തീരുമാനിച്ചത് അന്നത്തെ ജില്ല നേതൃത്വമാണെന്നും അവർക്കെതിരെ നടപടിവേണമെന്നും ജില്ല വൈസ് പ്രസിഡന്‍റ് പി. രമേശും ബി.ജെ.പി ഓഫിസ് താഴിട്ടുപൂട്ടിയ പ്രവർത്തകരും വാർത്തസമ്മേളനത്തിൽ പറഞ്ഞു. അന്നത്തെ ജില്ല പ്രസിഡന്‍റും നിലവിലെ സംസ്ഥാന സെക്രട്ടറിയുമായ അഡ്വ. കെ. ശ്രീകാന്ത്, മേഖല സെക്രട്ടറി സുരേഷ് കുമാർ ഷെട്ടി, മഞ്ചേശ്വരം മണ്ഡലം സെക്രട്ടറി മണികണ്ഠറൈ എന്നിവർക്കെതിരെ നടപടി വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ്. കുമ്പളയിലെ സ്ഥിരം സമിതി അംഗങ്ങൾ രാജിവെച്ചതിനെ സ്വാഗതം ചെയ്യുന്നു. സി.പി.എമ്മുമായി സഖ്യത്തിന് അനുമതി നൽകിയത് ജില്ല നേതൃത്വമാണ്. രാജിവെച്ചതിനാൽ ജില്ല നേതൃത്വത്തിന്‍റെ നടപടി തെറ്റാണെന്ന് തെളിഞ്ഞു. അതുകൊണ്ട് അതിനു നേതൃത്വം നൽകിയ ജില്ല നേതാക്കൾക്കെതിരെയും നടപടിവേണമെന്ന കാര്യത്തിൽ ഉറച്ചുനിൽക്കുന്നു. യു.ഡി.എഫുമായും എൽ.ഡി.എഫുമായും ധാരണ പാടില്ലെന്ന് പാർട്ടിയുടെ നിർദേശമുണ്ട്. ബാലറ്റിലെ നമ്പറുകൾ പറഞ്ഞുകൊടുത്ത് ബി.ജെ.പി അംഗങ്ങളോട് സി.പി.എമ്മുകാർക്ക് വോട്ടു ചെയ്യണമെന്നുപറഞ്ഞത് സുരേഷ് കുമാർ ഷെട്ടിയാണെന്ന് രാജിവെച്ചവർ പറയുന്നു. ജില്ല നേതൃത്വത്തിന്‍റെ അറിവോടെയാണ് കുമ്പളയിൽ സി.പി.എമ്മുമായി ധാരണയുണ്ടാക്കിയതെന്നും വ്യക്തമായി. ഒരു വർഷത്തിലേറെയായി ഈ വിഷയം പഞ്ചായത്തു കമ്മിറ്റി മുതൽ സംസ്ഥാന കമ്മിറ്റി വരെ ഉന്നയിച്ചിട്ടുണ്ട്. കഴിഞ്ഞ പത്താം തീയതി ജില്ല കമ്മിറ്റിക്ക് വീണ്ടും അന്തിമ കത്ത് നൽകി. 15നകം തീരുമാനം അറിയിക്കണം എന്നാവശ്യപ്പെട്ടു. അതുണ്ടാകാതിരുന്നപ്പോൾ, കെ. സുരേന്ദ്രൻ കാസർകോട് ഓഫിസിലേക്ക് വരുന്നുവെന്ന് അറിഞ്ഞതിന്‍റെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ കാണാനാണ് പോയത്. സുരേന്ദ്രൻ കാസർകോട് പരിപാടി റദ്ദാക്കി തിരിച്ചുപോയി എന്നറിഞ്ഞപ്പോൾ അവിടെ കുത്തിയിരുന്നു സമരം നടത്തി. സമരം ഉദ്ദേശിക്കാത്ത തലത്തിലേക്ക് പോയി. അങ്ങനെയാണ് പൂട്ടിടുന്നതുവരെയെത്തിയത്. നേതാക്കളുടെ തോന്ന്യാസം അവസാനിപ്പിക്കണമെന്നും കുമ്പളയിലെ ധാരണ മുതൽ താഴിട്ടുപൂട്ടിയ സംഭവംവരെ അന്വേഷണം നടത്തണമെന്നും പ്രവർത്തകർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.