രാജ്യസഭ സീറ്റ്​ ആവശ്യപ്പെടാൻ എൽ.ജെ.ഡി

കോഴിക്കോട്​: രാജ്യസഭ തെരഞ്ഞെടുപ്പിൽ ഒഴിവുവരുന്ന രണ്ട്​ സീറ്റുകളിൽ ഒന്ന്​ പാർട്ടിക്ക്​ അനുവദിക്കണമെന്ന്​ എൽ.ഡി.എഫിൽ ആവശ്യപ്പെടാൻ കോഴിക്കോട്ടുചേർന്ന ലോക്​ താന്ത്രിക്​ ജനതാദൾ (എൽ.ജെ.ഡി) നേതൃയോഗം തീരുമാനിച്ചു. പാർട്ടി സംസ്ഥാന പ്രസിഡന്‍റ്​ എം.വി. ശ്രയാംസ്കുമാർ എം.പിയുടെ രാജ്യസഭ കാലാവധി അവസാനിക്കുന്നതിനാൽ ഈ സീറ്റ്​ തുടർന്നും പാർട്ടിക്ക്​ അവകാശപ്പെട്ടതാണെന്നും മുൻകൂട്ടി ആവശ്യപ്പെടാത്തപക്ഷം സീറ്റിന്​ മറ്റുള്ളവർ അവകാശവാദമുന്നയിക്കുമെന്നും​ യോഗത്തിൽ പ​ങ്കെടുത്തവർ അഭിപ്രായപ്പെട്ടു. നിയമസഭ തെരഞ്ഞെടുപ്പിലടക്കം പാർട്ടിക്ക്​ മതിയായ സീറ്റുകൾ ലഭിക്കാത്ത സാഹചര്യത്തിൽ രാജ്യസഭ സീറ്റിന്‍റെ കാര്യത്തിൽ പിന്നാക്കം പോകരുതെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവത്​ക്കരണം സമ്പദ്​ഘടനയെ താറുമാറാക്കുമെന്നും രാജ്യത്ത്​ അസമത്വം വർധിക്കുമെന്നും എൽ.ഐ.സി ഓഹരികൾ വിറ്റഴിക്കുന്നത്​ ഉപഭോക്​താക്കളുടെ താൽപര്യത്തെ ഹാനികരമായി ബാധിക്കുമെന്നും യോഗം വിലയിരുത്തി. അരങ്ങിൽ ​ശ്രീധരൻ ജന്മശതാബ്​ദി മാർച്ച്​ 23ന്​ കോഴിക്കോട്ട്​ ആചരിക്കാനും പാർട്ടി നിയോജക മണ്ഡലം പ്രസിഡന്‍റുമാരുടെ ക്യാമ്പ്​ ഏപ്രിൽ ആദ്യം കണ്ണൂ​രിൽ നടത്താനും തീരുമാനിച്ചു. ദേശീയ ജനറൽ സെക്രട്ടറി ഡോ. വർഗീസ്​ ജോർജ്​ അധ്യക്ഷതവഹിച്ചു. സംസ്ഥാന ഭാരവാഹികളായ വി. കുഞ്ഞാലി, എം.കെ. ഭാസ്​ക്കരൻ, സണ്ണി തോമസ്​, ആനി സ്വീറ്റി, ഇ.പി. ദാമോദരൻ, എം.കെ. പ്രേംനാഥ്​, വി. സുരേന്ദ്രൻ പിള്ള, കെ.ജെ. സോഹൻ, സലീം മടവൂർ തുടങ്ങിയവർ സംസാരിച്ചു. രാജ്യസഭ സീറ്റ് എല്‍.ജെ.ഡിക്കു തന്നെ വേണമെന്ന് ആവശ്യപ്പെടുമെന്ന് വര്‍ഗീസ് ജോര്‍ജ് യോഗശേഷം മാധ്യമങ്ങളോടും പറഞ്ഞു. നിലവില്‍ സീറ്റ് എല്‍.ജെ.ഡിയുടെതാണ്. എല്‍.ജെ.ഡിയുടെ ആവശ്യം എല്‍.ഡി.എഫ് പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.