കനാൽ തകർന്ന്​ ജലപ്രവാഹം: വീടുകൾ ഇനിയും വാസയോഗ്യമായില്ല

കുറ്റ്യാടി: കുറ്റ്യാടി വലതുകര മെയിൻകനാൽ തകർന്ന്​ ഒഴുകിയെത്തിയ കല്ലും മണ്ണും നിറഞ്ഞ വീടുകൾ ഇനിയും വാസയോഗ്യമായില്ല. മരുതോങ്കര മുണ്ടക്കുറ്റി കാരങ്കോട്ട്​ സജീവൻ, കുറ്റിയിൽ ഉമേഷ്​ എന്നിവരുടെ വീടുകൾ അടച്ച നിലയിലാണ്​. സജീവന്റെ വീടിന്റെ അകത്ത്​ അരയോളം വെള്ളം കയറിയിരുന്നതായി പറഞ്ഞു. ശുചിമുറി​ വാതിൽ തകർന്നു. ചുമരിന്​ വിള്ളൽ വീണു. കിണർ കല്ലും മണ്ണും വീണ്​ നികന്നു. മുറ്റവും പറമ്പും ചളിവെള്ളം കെട്ടിക്കിടക്കുന്നതിനാൽ വീട്ടിലേക്ക്​ പ്രവേശിക്കാനാവുന്നില്ല. ചളി ഉണങ്ങിയാലേ മണ്ണു​ നീക്കാൻ കഴിയൂ എന്നാണ്​അധികൃതർ പറയുന്നത്​. ചൊവ്വാഴ്ച രണ്ടു​ മണ്ണുമാന്തിയും ടിപ്പറുകളും ഉപയോഗിച്ച്​ മണ്ണു നീക്കിയിട്ടും പൂർത്തിയാക്കാനായില്ല. കിണറും ശുദ്ധിയാക്കണം. കുറ്റ്യാടി-മുള്ളൻകുന്ന്​ റോഡിൽ കെ.സി മുക്കിൽ ഇവരുടെ താമസ സ്ഥലത്തിനു മുകളിൽ 30 ഉയരത്തിൽനിന്നാണ്​ വെള്ളം ഇരച്ചെത്തിയത്​. കുടുംബം ജീവനും കൊണ്ട് ഇറങ്ങിയോടുകയായിരുന്നു. ഗൃഹോപകരണങ്ങളടക്കം ഒഴുകിപ്പോയി. ഇപ്പോൾ ബന്ധുവീട്ടിലാണ്​ താമസിക്കുന്നത്. ചൊവ്വാഴ്ച വില്ലേജ്​ ഓഫിസറും ഡെപ്യൂട്ടി തഹസിൽദാറും സ്ഥലം സന്ദർശിച്ചു. മണ്ണ്​ ഉണങ്ങിയിട്ടേ നീക്കംചെയ്യാൻ കഴിയൂ എന്ന്​ പറഞ്ഞു. കുറ്റിയിൽ ഉമേശിന്റെ വീട്ടുമുറ്റത്തും പറമ്പിലും മണ്ണും കല്ലും അടിഞ്ഞുകിടപ്പാണ്​. കുടുംബം വീട്​ പൂട്ടി പോയതായിരുന്നു. കല്ലും മണ്ണും പതിച്ച്​ റോഡും അലങ്കോലപ്പെട്ടുകിടപ്പാണ്​. ഓവുകൾ അടഞ്ഞതിനാൽ ഒഴുകിയെത്തിയ വെള്ളം കെട്ടിക്കിടക്കുന്നു. സംഭവ ദിവസം റോഡ്​ പുഴസമാനമായിരുന്നു. കോടികൾ ചെലവഴിച്ച്​ റബറൈസ്​ ചെയ്​ത റോഡാണിത്​. പൊതുമരാമത്ത്​ വകുപ്പുകാർ ഇങ്ങോട്ട്​ ഇതുവരെ വന്നിട്ടില്ലെന്ന്​ പരിസര വാസികൾ പറഞ്ഞു. ഫോേേട്ടാ: കെ.ടി.ഡി 2 മെയിൻ കനാൽ തകർന്ന്​ ഒഴുകിയെത്തിയ മണ്ണും കല്ലും നീക്കാതെകിടക്കുന്ന കാരങ്കോട്ട്​ സജീവന്റെ വീട്ടുമുറ്റം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.