തൂണേരിയിൽ തറക്കല്ലിടൽ ചടങ്ങ് വിവാദത്തിൽ; എം.എൽ.എയെ മനപ്പൂർവം ഒഴിവാക്കുന്നുവെന്ന് ആരോപണം

നാദാപുരം: തൂണേരി ഗ്രാമപഞ്ചായത്തിന് വേണ്ടി പുതുതായി നിർമിക്കുന്ന ഓഫിസ് കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമത്തെച്ചൊല്ലി വിവാദം. വെള്ളിയാഴ്ച വൈകീട്ട് നാലിന് കെ. മുരളീധരൻ എം.പിയാണ് ശിലാസ്ഥാപനം നിർവഹിക്കുക. എന്നാൽ, ചടങ്ങിൽ എം.എൽ.എയെ അവഗണിച്ചെന്ന് എൽ.ഡി.എഫ് നേതാക്കൾ പറയുന്നു. അത്യാധുനിക സൗകര്യങ്ങളോടുകൂടി രണ്ടു കോടി രൂപ ചെലവിൽ നിർമിക്കുന്ന ഓഫിസ് കെട്ടിടത്തിന്റെ ഒന്നാംഘട്ട പ്രവൃത്തിയാണ് ആരംഭിക്കുന്നത്. ജനപ്രതിനിധികൾ വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ സംബന്ധിക്കും. ജീർണാവസ്ഥയിലായ പഴയ ഓഫിസ് കെട്ടിടം കഴിഞ്ഞ ഭരണസമിതി കാലത്താണ് പൊളിച്ചുമാറ്റിയത്. നിലവിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫിസ് കെട്ടിടം സ്വന്തം കെട്ടിടത്തിലേക്ക് മാറുന്നതോടുകൂടി ദീർഘനാളത്തെ വികസനസ്വപ്നമാണ് സാക്ഷാത്കരിക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ആണ് പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്. എന്നാൽ, തൂണേരി ഗ്രാമപഞ്ചായത്ത് കെട്ടിടശിലാസ്ഥാപന ചടങ്ങിൽ എം.എൽ.എയെ അവഗണിച്ചത് പ്രതിഷേധാർഹമാണെന്ന് എൽ.ഡി.എഫ് പറയുന്നു. ശിലാസ്ഥാപനം നിയമസഭയിൽ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്ന തീയതിയിൽ തന്നെ തീരുമാനിച്ചത് പരിപാടിയിൽനിന്ന് സ്ഥലം എം.എൽ.എയെ ബോധപൂർവം ഒഴിവാക്കുന്നതിന് വേണ്ടിയാണെന്ന് എൽ.ഡി.എഫ് തൂണേരി പഞ്ചായത്ത് യോഗം കുറ്റപ്പെടുത്തി. പരിപാടിയുടെ സ്വാഗതസംഘം യോഗത്തിന് ദിവസങ്ങൾക്ക് മുമ്പുതന്നെ പ്രസ്തുത ദിവസം ബജറ്റ് ആയതിനാൽ നിയമസഭയിലായിരിക്കുമെന്ന് എം.എൽ.എ അറിയിച്ചിരുന്നുവെന്ന് എൽ.ഡി.എഫ് നേതാക്കൾ പറയുന്നു. വിവരം നേരിട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ അറിയിച്ചിട്ടും പരിപാടി നടത്താൻ തീരുമാനിച്ചത് അംഗീകരിക്കാൻ കഴിയില്ല. സ്വാഗതസംഘ യോഗത്തിൽ എൽ.ഡി.എഫ് പ്രതിനിധികളുടെ ചോദ്യത്തിന് എം.എൽ.എയെ അറിയിച്ചുവെന്നും പങ്കെടുക്കുമെന്നു പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്ന സമീപനമാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വീകരിച്ചത് എന്നും എൽ.ഡി..എഫ് ആരോപിക്കുന്നു. ഇതോടൊപ്പം പരിപാടിയുടെ ക്ഷണക്കത്തിൽ തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെ രാഷ്ട്രീയപാർട്ടി പ്രതിനിധികളോടൊപ്പം ആശംസാ പ്രസംഗകയാക്കിയത് പ്രസിഡന്റ് പദവിയെ അപമാനിക്കുന്നതിന് തുല്യമാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, എൽ.ഡി.എഫ് വിവാദം അനാവശ്യമെന്ന് പ്രസിഡന്റ് പി. ഷാഹിന പറഞ്ഞു. എം.പിയുടെ സൗകര്യത്തിനനുസരിച്ചുള്ള തീയതിയാണ് കണ്ടെത്തിയതെന്നും വിവരം എം.എൽ.എയെയും എൽ.ഡി.എഫ് നേതാക്കളെയും അറിയിച്ചാണ് സ്വാഗത സംഘം കമ്മിറ്റി രൂപവത്കരിച്ചതെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.