ആവിക്കലും കോതിയിലും മാലിന്യ സംസ്കരണ പ്ലാന്‍റ്​ പണിയാൻ സർവകക്ഷിയോഗ തീരുമാനം

കോഴിക്കോട്​: ആവിക്കൽ തോട്, കോതി സീവറേജ് ട്രീറ്റ്മെന്‍റ്​​ പ്ലാന്‍റ്​ പ്രവൃത്തി നടപ്പാക്കാൻ സർവകക്ഷിയോഗം തീരുമാനിച്ചു. പ്ലാന്‍റ്​ സംബന്ധിച്ച ആശങ്കകൾ അകറ്റി ജനങ്ങളെ ബോധ്യപ്പെടുത്തും. ഇത്​ സംബന്ധിച്ച് മേയർ ​​ഡോ. ബീന ഫിലിപ്പിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. നഗരത്തിൽ സീവേജ് ട്രീറ്റ്മെന്‍റ്​ പ്ലാന്റ് സ്ഥാപിക്കുന്നതിനെ കക്ഷിരാഷ്ട്രീയ നേതാക്കളുടെയും സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻമാരുടെയും യോഗം ഏകകണ്ഠമായി അംഗീകരിച്ചു. കോതി, വെള്ളയിലെ ആവിക്കൽ തോട് പ്രദേശത്തെ താമസക്കാരായ ആളുകൾക്ക് പ്ലാന്‍റ്​ സംബന്ധിച്ച ആശങ്കകൾ പരിഹരിക്കുന്നതിന് കോർപറേഷൻ മുൻകൈ എടുത്ത് നടപടികൾ സ്വീകരിക്കും. എസ്.ടി.പിക്കെതിരെ തെറ്റിദ്ധാരണജനകമായ പ്രചാരണങ്ങൾ നടത്തി ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്ന ഒരു നടപടിയും രാഷ്ട്രീയ കക്ഷികളുടെ ഭാഗത്തുനിന്നുണ്ടാവില്ല എന്ന്​ യോഗം തീരുമാനിച്ചു. വേഗത്തിൽ വളരുന്ന നഗരത്തിന് അനിവാര്യമായ ഒന്നാണ് എസ്.ടി.പി. നഗരസഭ പരിധിയിൽ മുഴുവൻ സ്വീവറേജ് ട്രീറ്റ്മെന്‍റ്​ പ്ലാന്റുകൾ സ്ഥാപിക്കാൻ കോർപറേഷന് പദ്ധതിയുണ്ട്. ആർക്കും ബുദ്ധിമുട്ടുണ്ടാക്കാനല്ല, ജനങ്ങളുടെ ആരോഗ്യവും ജീവിതവും സംരക്ഷിക്കുന്നതിനാണ് പദ്ധതി. അതുകൊണ്ടാണ്​ താരതമ്യേന ജനസാന്ദ്രത കൂടിയ തീരദേശ വാർഡുകൾക്കു മുൻഗണന നൽകി ഇതിനായി തിരഞ്ഞെടുത്തതെന്നും പല സ്ഥലങ്ങളിലും നിലവിൽ പ്ലാന്‍റ്​ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്നും അത് ജനങ്ങളെ നേരിൽ ബോധ്യപ്പെടുത്തി മുന്നോട്ടുപോകുമെന്നും പ്ലാന്റിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് മുഴുവൻ രാഷ്ട്രീയ കക്ഷികളുടെയും ഉത്തരവാദിത്തമാണെന്നും മേയർ ഡോ. ബീന ഫിലിപ്പ് വിശദീകരിച്ചു. എളമരം കരീം എം.പി, ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, ജില്ല കലക്ടർ എൻ. തേജ് ലോഹിത് റെഡ്ഡി, സ്ഥിരം സമിതി അധ്യക്ഷരായ ഒ.പി. ഷിജിന, പി. ദിവാകരൻ, പി.സി. രാജൻ, കൃഷ്ണകുമാരി, പി.കെ. നാസർ, കെ. രേഖ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി. മോഹനൻ (ജില്ല സെക്രട്ടറി, സി.പി.എം, അഡ്വ. കെ. പ്രവീൺ കുമാർ (കോൺഗ്രസ്​ ജില്ല പ്രസിഡന്റ്), എ. പ്രദീപ് കുമാർ, ടി.വി. ബാലൻ (ജില്ല സെക്രട്ടറി സി.പി.ഐ), ഇ. പ്രശാന്ത് കുമാർ (ജില്ല സെക്രട്ടറി ബി.ജെ.പി), സുനിൽ സിങ് (എൻ.സി.പി), പി. കിഷൻ ചന്ദ് (എൽ.ജെ.ഡി), ശർമദ് ഖാൻ (ഐ.എൻ.എൽ), സത്യചന്ദ്രൻ (കോൺ-എസ്​), ചാലിൽ മൊയ്‌തീൻ കോയ (സി.എം.പി), കോർപറേഷൻ പ്രതിപക്ഷ ലീഡർമാരായ കെ.സി. ശോഭിത, കെ. മൊയ്തീൻകോയ, നവ്യ ഹരിദാസ്, കൗൺസിലർമാരായ ഒ. സദാശിവൻ, എൻ.സി. മോയിൻകുട്ടി, എസ്.എം. തുഷാര, മുഹ്സിന തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.