ഹരിദാസന്‍ വധം: വാളും വസ്ത്രങ്ങളും കണ്ടെടുത്തു

കണ്ണൂര്‍: പുന്നോല്‍ താഴെവയലിലെ സി.പി.എം പ്രവര്‍ത്തകന്‍ കെ. ഹരിദാസന്‍ വധക്കേസില്‍ പ്രതികള്‍ ഉപയോഗിച്ചെന്നു കരുതുന്ന വാളും വസ്ത്രങ്ങളും അന്വേഷണസംഘം കണ്ടെടുത്തു. രക്തം പുരണ്ട വാളും വസ്ത്രങ്ങളുമാണ് ഹരിദാസന്റെ വീട്ടുവഴിയില്‍ കണ്ടെത്തിയത്. ചോദ്യം ചെയ്യലിനിടെ പ്രതികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലായിരുന്നു ഇവ കണ്ടെത്തിയത്. ഹരിദാസനെ വെട്ടിക്കൊലപ്പെടുത്താന്‍ ഉപയോഗിച്ച വാളാണോ എന്ന് സ്ഥിരീകരിക്കാനായി ഫോറന്‍സിക് സംഘം പരിശോധിക്കും. കേസില്‍ ഒമ്പതു പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴായിരുന്നു നിര്‍ണായക തെളിവുകള്‍ ലഭിച്ചത്. നാലു ദിവസത്തെ കസ്റ്റഡിയാണ് തലശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി അനുവദിച്ചത്. ഇന്നു പ്രതികളെ തിരിച്ച് കോടതിയില്‍ ഹാജരാക്കും. കേസില്‍ നേരത്തേ നാലു പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴും ആയുധങ്ങളും വസ്ത്രങ്ങളും കണ്ടെടുത്തിരുന്നു. 13 പ്രതികളാണ് ഹരിദാസന്‍ വധക്കേസില്‍ അറസ്റ്റിലായത്. കൃത്യത്തില്‍ നേരിട്ടു പങ്കെടുത്ത രണ്ടുപേര്‍കൂടി പിടിയിലാകാനുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.